മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും കിട്ടിയില്ല എന്ന നിക്ഷേപക കൂട്ടായ്മയുടെ വാദം ശരിയല്ലയെന്ന് ഭരണ സമിതി. തട്ടിപ്പ് നടന്നതിനു ശേഷം 34,83,72,647 രൂപ തിരികെ നൽകിയതായി രേഖകളുണ്ട്. നിലവിലെ ഭരണ സമിതിയുടെ കാലത്ത് 3,78,64,000 രൂപയും തിരികെ നൽകി. കരുവന്നൂരിലെ പ്രശ്നങ്ങൾക്ക് ശേഷമാണ് നിക്ഷേപം തിരികെ എടുക്കാൻ കൂടുതൽ പേർ എത്തിയതും ബാങ്ക് പ്രതിസന്ധിയിൽ ആയതും. സാമ്പത്തിക പാക്കേജ് ഉണ്ടാക്കി ജോയിന്റ് രജിസ്ട്രാർ മുഖേന സർക്കാരിൽ സമർപ്പിച്ചതാണ്. തുടർന്ന് വകുപ്പ് മന്ത്രിയേയും സഹകരണ രജിസ്ട്രാറേയും നേരിൽ കണ്ടപ്പോൾ 33 കോടിയുടെ കൺസോഷ്യം നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ അത് അനുവദിച്ചില്ല. ഇതിനു ശേഷം തട്ടിപ്പ് നടന്ന കരിവന്നൂരിന് അനുവദിക്കുകയും ചെയ്തു. കേരള ബാങ്കിൽ നിന്ന് 10 കോടി രൂപ ഒ.ഡി എടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായും നിക്ഷേപക ഗ്യാരണ്ടി ബോർഡ്, വെൽഫയർ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും 10 കോടി രൂപ സഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ തുടരുന്നതായും ഭരണ സമിതി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭരണ സമിതി പ്രസിഡന്റ് കെ.ഗോപൻ, അംഗങ്ങളായ എസ്.ശാന്തകുമാരി, എസ്.മുരളീധര കൈമൾ, മുരളി വൃന്ദാവനം, സജീവ് പ്രായിക്കര, ആനി സണ്ണി, എമിലി കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.