മാവേലിക്കര : താലൂക്ക് സഹകരണ ബാങ്കിനെ ലിക്വിഡേറ്റ് ചെയ്തു നിക്ഷേപകരുടെ പണം തിരികെ നൽകാതിരിക്കാൻ സഹകരണവകുപ്പിനു നേതൃത്വം നൽകുന്ന സി.പി.എമ്മും കോൺഗ്രസ് നയിക്കുന്ന ബാങ്ക് ഭരണ സമിതിയും ശ്രമിക്കുകയാണെന്ന ആരോപണവുമായി ബാങ്കിന്റെ മുൻ ഭരണസമിതി പ്രസിഡന്റ് രംഗത്തെത്തി. സഹകരണ വിജിലൻസ് അന്വേഷണം നടത്തി സമർപ്പിച്ച ഇരുന്നൂറിലേറെ പേജുകളുള്ള, ഇതുവരെ പ്രസിദ്ധീകരിക്കാത്ത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പുമായാണു മുൻ പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കുര്യൻ പള്ളത്ത്, ഭരണസമിതി മുൻ അംഗങ്ങളും മഹിളാ കോൺഗ്രസ് നേതാക്കളുമായ സുജ ജോഷ്വാ, അംബികാദേവി സുനിൽകുമാർ എന്നിവർ മാദ്ധ്യമപ്രവർത്തകരെ കണ്ടത്.

ഒട്ടേറെ സഹകരണ വകുപ്പ് ജീവനക്കാരുടെ ഇടപെടൽ തെളിവു സഹിതം ഉള്ളതിനാലും യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിനുമാണ് റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവച്ചിരിക്കുന്നതെന്ന് ഇവർ ആരോപിച്ചു. റിപ്പോർട്ട് പ്രകാരം സാക്ഷിപ്പട്ടികയിൽ മാത്രം പേരുള്ള മുൻ ഭരണ സമിതി അംഗങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തി പ്രതികളാക്കാൻ തട്ടിപ്പിനു നേതൃത്വം നൽകിയ മാഫിയ ശ്രമിക്കുകയാണ്.

ക്രമക്കേട് നടത്തിയവർക്കെതിരെ കർശന നിലപാട് സ്വീകരിച്ച മുൻ ഭരണസമിതി അംഗങ്ങൾ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ, തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം മനപ്പൂർവ്വം കേസിൽ പ്രതികളാക്കി തേജോവധം ചെയ്യാനാണ് ഇപ്പോഴത്തെ കോൺഗ്രസ് ഭരണസമിതി ശ്രമിക്കുന്നതെന്നും കുര്യൻ പള്ളത്ത് പറഞ്ഞു.