തുറവൂർ: തൊഴിൽ തർക്കത്തെ തുടർന്ന് നിലച്ച തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പുനരാംഭിക്കാനായില്ല. നിർമ്മാണം മുടങ്ങിയിട്ട് 4 ദിവസം പിന്നിട്ടു. അന്യസംസ്ഥാന തൊഴിലാളികളാണ് ആശുപത്രി കെട്ടിട നിർമ്മാണത്തിൽ ഏറെയും പണിയെടുക്കുന്നത്. പ്രദേശവാസികളായ കൂടുതൽ തൊഴിലാളികളെ പണിക്കെടുക്കണമെന്ന വിവിധ യൂണിയനുകളുടെ കർശന നിലപാടാണ് നിർമ്മാണം നിലയ്ക്കാൻ കാരണം. പലതവണ സംഘടനാ പ്രതിനിധികളും കരാറുകാരനുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമാകാത്തതിനെ തുടർന്ന് സി.ഐ.ടി.യു; ഐ.എൻ.ടി.യു.സി, എ. ഐ. ടി. യു.സി; ബി.എം.എസ് എന്നീ യൂണിയനുകളാണ് സമരരംഗത്തുള്ളത്. അതേ സമയം ഈ യൂണിയനുകളിൽ നിന്ന് 4 പേരെ പണിക്കെടുത്തുവെന്നാണ് കരാറുകാരൻ പറയുന്നത്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട്; ലേബർ ഓഫീസർ , കുത്തിയതോട് സി.ഐ എന്നിവർക്ക് കരാറുകാരൻ പരാതി നൽകി. ജില്ലാ ലേബർ ഓഫീസർ സ്ഥലത്തെത്തിയെങ്കിലും പരിഹാരമായില്ല. കിഫ്ബി പദ്ധതി പ്രകാരം 51.40 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയോട് ചേർന്ന് 6 നിലകളിലായി അത്യാധൂനിക ബ്ലോക്കിന്റെനിർമ്മാണം ആരംഭിച്ചത്.