ആലപ്പുഴ: 2021-22ലെ പൊതുപരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ സ്‌കൂളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികളെയും സർവകലാശാല റാങ്ക് ജേതാക്കളേയും അഡ്വ.എ.എം.ആരിഫ് എം.പി മെരിറ്റ് അവാർഡ് നൽകി ആദരിക്കുന്നു. 'ആലപ്പുഴയുടെ ആദരം 2022' എന്ന പേരിലുള്ള പരിപാടിയുടെ ഒന്നാം ഘട്ടം 14ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കും. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ് ഉദ്ഘാടനം നിർവഹിക്കും.അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കുമാണ് ഒന്നാം ഘട്ടത്തിൽ അനുമോദനം നൽകുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രാവിലെ 9നും ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 2 നും എത്തിച്ചേരണമെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു. വിവരങ്ങൾക്ക്: 8848618331.