ആലപ്പുഴ: കൊവിഡിനെത്തുടർന്ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അടച്ചുപൂട്ടിയ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം പൂർണതോതിലാക്കാൻ നടപടിയില്ല. ഇതോടെ രാപ്പകൽ ഭേദമില്ലാതെ പോക്കറ്റടിക്കാരും മറ്റ് സാമൂഹ്യ വിരുദ്ധരും സ്റ്റാൻഡിൽ നിറയുകയാണ്.
ആലപ്പുഴ സൗത്ത് പൊലീസിന്റെ നിയന്ത്രണത്തിലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. ബസ് സ്റ്റേഷന്റെ തുടക്കം മുതൽ, പ്രധാന ഭാഗത്തുള്ള മുറിയാണ് എയ്ഡ് പോസ്റ്റിനായി നൽകിയത്. കൊവിഡ് വ്യാപിച്ചതോടെ പ്രവർത്തനം താത്കാലികമായി നിറുത്തുകയായിരുന്നു. ഇതോടെ, സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ കവർച്ചയ്ക്ക് ഇരയാവുന്നതും പതിവായി. സന്ധ്യമയങ്ങിയാൽ മദ്യപാനികളുടെ ശല്യവും രൂക്ഷമാണെന്ന് യാത്രക്കാർ പറയുന്നു.
ജില്ലാ പൊലീസ് മേധാവിക്കും സൗത്ത് സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി അധികൃതർ കത്ത് നൽകിയിട്ടും എയ്ഡ്പോസ്റ്റ് പ്രവർത്തനം പഴയപടിയാക്കാൻ പൊലീസ് താത്പര്യം കാട്ടുന്നില്ല. പകൽ വല്ലപ്പോഴുമാണ് എയ്ഡ് പോസ്റ്റ് തുറക്കുന്നത്. രാത്രികാലത്ത് പൂർണമായും അടഞ്ഞു തന്നെ. 'ആൾക്ഷാമ'മാണ് പ്രതിസന്ധിക്ക് കാരണമെന്ന് പൊലീസ് അധികൃതർ പറയുന്നു.
പണവും ആഭരണങ്ങളും അടങ്ങിയ പഴ്‌സും മറ്റും പോയെന്ന പരാതിയുമായി നിരവധി പേരാണ് ദിവസേന എത്തുന്നത്. എയ്ഡ് പോസ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഒന്നിലധികം തവണ പൊലീസ് അധികൃതർക്ക് കത്ത് നൽകിയിരുന്നു
അശോക് കുമാർ, എ.ടി.ഒ, കെ.എസ്.ആർ.ടി.സി, ആലപ്പുഴ