ആലപ്പുഴ : രാജാറാം മോഹൻ റോയിയുടെ 250ാം ജന്മവാർഷികത്തോടനുബന്ധിച്ച്, പെൺകുട്ടികളുടേയും വനിതകളുടേയും ശാക്തീകരണത്തിനായി നവംബർ അഞ്ചിന് ബോധവത്കരണ റാലി നടക്കും. ഇതിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ എന്നിവർ രക്ഷാധികാരികളായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ചെയർപേഴ്‌സണായും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ജനറൽ കൺവീനറുമായുള്ള 101 പേരടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്.

രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ കൊൽക്കത്ത, ജില്ല ഭരണകൂടം, ജില്ല ലൈബ്രറി കൗൺസിൽ, ജില്ല പഞ്ചായത്ത്, ആലപ്പുഴ നഗരസഭ, കുടുംബശ്രീ ജില്ല മിഷൻ, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. നഗരചത്വരത്തിൽ നിന്നും ആരംഭിക്കുന്ന റാലി ആലപ്പുഴ ടൗൺ ഹാളിൽ സമാപിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആർ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.