മണ്ണഞ്ചേരി:മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് തബ്‌ലീഗുൽ ഇസ്‌ലാം മദ്റസയുടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടികൾക്ക് ഇന്ന് രാവിലെ ഏഴിന് സയ്യിദ് ജൗഹർ കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ ആരംഭം കുറിക്കും.

വൈകിട്ട് 6.45ന് മജ്ലിസുന്നൂർ ആത്മീയ സംഗമം നടക്കും. ഏഴിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മദ്റസ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മദ്റസ കമ്മറ്റി പ്രസിഡന്റ് ഇ.എച്ച് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.

നാളെ വൈകിട്ട് ഏഴിന് നടക്കുന്ന മതവിജ്ഞാന സമ്മേളനം സയ്യിദ് അബ്ദുല്ലാഹ് തങ്ങൾ ദാരിമി അൽ ഐദറൂസി ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന മതവിജ്ഞാന സമ്മേളനം സയ്യിദ് ത്വാഹാ ജിഫ്രി തങ്ങൾ ഫൈസി മലപ്പുറം ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ മദ്റസാ കമ്മറ്റിയുടെയും അക്യുഹീലിംഗ് ഹോമിന്റെയും സഹകരണത്തോടെ ഹിജാമ ക്യാമ്പ് നടക്കും.വൈകിട്ട് ഏഴിന് സമാപനസമ്മേളനം പാണക്കാട് നിയാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഇ.എച്ച് ഷാജഹാൻ,ജനറൽ സെക്രട്ടറി ഷഫീഖ് കാസിം,ട്രഷറർ ഷാജി വളപ്പിൽ,ഭാരവാഹികളായ റഹീം നികർത്തിൽ,നജീബ് വാഴച്ചിറ,കബീർ വെളുത്തേടത്ത് എന്നിവർ പങ്കെടുത്തു.