ആലപ്പുഴ : ഇന്ത്യൻ സ്വച്ഛതാ ലീഗ് ദേശീയ പുരസ്‌കാരവും സ്വച്ഛ് സർവ്വേഷനിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ആലപ്പുഴ നഗരസഭ നേടിയ പശ്ചാത്തലത്തിൽ, സ്‌കൂൾ ശാസ്ത്രമേളയിൽ നഗരശുചിത്വം പ്രൊജക്ട് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ കുട്ടികളുടെ സംശയങ്ങൾക്ക് ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് മറുപടി നൽകി. ശുചിത്വവാർഡുകളുടെ പ്രവർത്തനം, മാലിന്യത്തിൽ നിന്നും വളം, ബയോബിന്നുകളുടെ പ്രവർത്തനം, പൂവ്- ജൈവപച്ചക്കറി കൃഷികളുടെ പരിപാലനം, ഹരിതകർമ്മ സേന പ്രവർത്തനം, ക്യാൻ ആലപ്പി, ഐ.ആർ.ടി.സി പ്രവർത്തകരുടെ സേവനം, നഗരമാലിന്യത്തിന്റെ സൃഷ്ടിപരമായ സംസ്‌കരണവും പുനരുപയോഗവും തുടങ്ങിയ വിവിധ വിഷയങ്ങൾ നഗരസഭാദ്ധ്യക്ഷ വിശദീകരിച്ചു.
ആലപ്പുഴ വഴിച്ചേരി എം.എം.എ യു.പി സ്‌കൂളിലെ ആസിഫ്, മനാൽ ഉനൈസ്, മുസ്‌ന ഖദീജ, ഫഹദ് ഇർഷാദ്, മുഹമ്മദ് യാസീൻ, മുഹമ്മദ് ഷാറൂഖ് എന്നീ കുട്ടികളാണ് സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി വർഗീസ്, അദ്ധ്യാപികമാരായ സജിത, ജാസ്‌ന, ഫിദ എന്നിവർക്കൊപ്പം നഗരസഭാദ്ധ്യക്ഷയെ സന്ദർശിച്ചത്. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം ഉൾക്കൊണ്ട് നഗരസഭയുടെ 'അഴകോടെ ആലപ്പുഴ' എന്ന പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ഉറപ്പുനൽകി.