a
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന് മുമ്പിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യാഗ്രഹ സമരത്തിൽ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്തപ്പോൾ

മാവേലിക്കര: നരബലിക്ക് തുല്യമാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പെന്നും ഇതുവരെ ഏഴു പേരാണ് ഇതിന്റെ പേരിൽ ജീവനൊടുക്കിയതെന്നും മുൻ എം.പിയും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ബാങ്കിലെ തട്ടിപ്പിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യഗ്രഹ പരിപാടിയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കും തട്ടിപ്പിനും ഭീകരവാദത്തിനും കേരളം വളക്കൂറുള്ള മണ്ണായി മാറി. ബാങ്കിൽ തട്ടിപ്പ് നടത്തിയവരെ കുടുക്കാൻ കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശാനുസരണം നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സത്യാഗ്രഹ പന്തലിൽ ക്രമീകരിച്ച പരാതി ശേഖരണ കേന്ദ്രത്തിൽ 230 അപേക്ഷകൾ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ, ജനറൽ സെക്രട്ടറി ബി.കൃഷ്ണകുമാർ, മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, സംസ്ഥാന സെൽ കോ ഓർഡിനേറ്റർ അശോകൻ കുളനട, ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ, ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ട്രഷറർ കെ.ജി. കർത്ത, നേതാക്കളായ അഡ്വ.കെ.കെ.അനൂപ്, അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, പി.കെ.വാസുദേവൻ, സജു ഇടക്കല്ലിൽ, കെ.സഞ്ജു, ഹരീഷ് കാട്ടൂർ, കൃഷ്ണകുമാർ രാംദാസ്, പ്രമോദ് കാരയ്ക്കാട്, സതീഷ്, മഞ്ജു അനിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാവിലെ 10ന് ആരംഭിച്ച ഉപവാസം വൈകിട്ട് 5ന് നിക്ഷേപക കൃഷ്ണമ്മ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.