പൂച്ചാക്കൽ : പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ കരിമരുന്നു സൂക്ഷിപ്പു കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണമടഞ്ഞവർക്ക് ന്യായമായ നഷ്ടപരിഹാരം അപകടത്തിന് ഉത്തരവാദികളായവർ നൽകണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായം ആലോചിക്കുമെന്നും ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും ആക്ഷൻ കൗൺസിൽ സ്വരൂപിച്ച കുടുബ സഹായ ഫണ്ട് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനായി. ദലീമ ജോജോ എം.എൽ.എ. കെ.പ്രസാദ്, പി.എം.പ്രമോദ്, സി.പി. വിനോദ് കുമാർ , ധന്യ സന്തോഷ്, എസ്.ജയകുമാർ , കെ.രാജപ്പൻ നായർ , ഡി.സുരേഷ് ബാബു, എൻ.ആർ.ബാബുരാജ്, ടി.ആനന്ദൻ, രാജിമോൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങ് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. തങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകിയില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർമാൻ അഡ്വ.എസ്.രാജേഷ് പറഞ്ഞു.