s

കുട്ടികൾക്കുള്ള പൊലീസിന്റെ ചിരി പദ്ധതിക്ക് മികച്ച പ്രതികരണം

ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ പൊലീസ് ആരംഭിച്ച 'ചിരി' ടെലികൗൺസിലിംഗ് രണ്ടാം വർഷവും സജീവം. കൊവിഡ് കടന്ന് കുട്ടികൾ പുറം ലോകത്തെത്തി​യെങ്കി​ലും മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നു പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. ഈ പ്രശ്നം നേരിടുന്നവരാണ് നിലവിൽ ചിരി പദ്ധതിയിൽ സഹായം തേടി വിളിക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം, കുട്ടികളുടെ ആത്മഹത്യാ ഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയാണ് കുട്ടികളുടെയും ഒപ്പം മാതാപിതാക്കളുടെ കോളുകളിൽ അധികവും. ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി വിളിച്ച കുട്ടികളും കൂട്ടത്തിലുണ്ട്. അവർക്ക് ചിരി കോൾസെൻറ്ററിൽ നിന്ന് അടിയന്തരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് അവരുടെ തന്നെ ടെലിഫോണിലൂടെ കൗൺസലിംഗും നൽകും. മുതിർന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളണ്ടിയർമാർ.

സേവന തത്പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യ വിദഗ്ദ്ധർ, മന:ശാസ്ത്രജ്ഞർ, അദ്ധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധസമിതി ഇവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഐ.ജി പി.വിജയനാണ് സംസ്ഥാനതല നോഡൽ ഓഫീസർ. സംസ്ഥാനത്ത് ഇതുവരെ മുപ്പതിനായിരത്തിലധികം പേർ ചിരി പദ്ധതിയുടെ സഹായം തേടിയതായാണ് ഔദ്യോഗിക കണക്ക്.

പ്രതീക്ഷിച്ചില്ല, ഇത്രയും

ആദ്യം അവഗണിച്ചവർ പോലും 'ചിരി' പദ്ധതിയെ കൈനീട്ടി സ്വീകരിക്കുകയാണ്. പലപ്പോഴും, പ്രശ്നങ്ങൾ തുറന്നുപറയാതെ അടക്കിവയ്ക്കുന്ന പ്രവണത കുട്ടികളിലുണ്ട്. ഇതിന് മാറ്റം വരുത്താൻ പദ്ധതിക്ക് സാധിച്ചു. എല്ലാ പ്രശ്നങ്ങളും അവർ തുറന്നു പറയുന്നു. അതേ മനസോടെ അവരെ കേൾക്കാൻ മികച്ച ടീമുള്ളതാണ് പദ്ധതിയുടെ വിജയത്തിന് കാരണം.

............................

ചിരി ഹെൽപ്പ് ലൈൻ നമ്പർ: 9497900200

സഹായം തേടി വിളിച്ചവർ: 31084

ജില്ലാ ടീം

സൈക്കോളജിസ്റ്റ്- 1

സൈക്കാട്രിസ്റ്റ് - 2

അദ്ധ്യാപകർ - 7

സ്റ്റുഡന്റ് കേഡറ്റ്സ് - 15

കുട്ടികൾക്ക് മാത്രമല്ല, അവരുടെ പ്രശ്‌നങ്ങൾ മറ്റുള്ളവർക്കും അറിയിക്കാം. പൊലീസ് ഇടപെടേണ്ട കേസാണെങ്കിൽ ഉടൻ തന്നെ നടപടി സ്വീകരിക്കും. മികച്ച മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനവും ലഭ്യമാണ്. ഫോൺ ഉപയോഗത്തിൽ നിന്ന് കരകയറാനുള്ള സഹായം തേടിയാണ് കൂടുതൽപേരും വിളിക്കുന്നത്

കെ.വി.ജയചന്ദ്രൻ, അസി.നോഡൽ ഓഫീസർ, ചിരി ആലപ്പുഴ ടീം