ബുക്ക് എ ബുക്ക് അറ്റ് ആലപ്പുഴ തയ്യാറാക്കിയത് ജോയ് സെബാസ്റ്റ്യൻ
ആലപ്പുഴ: നഗരവാസികൾക്ക് ഇഷ്ട പുസ്തകം ഓൺലൈനായി തിരഞ്ഞെടുക്കാൻ ആലപ്പുഴ നഗരസഭയുടെ വായനശാല വാതിൽപ്പടി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 'ബുക്ക് എ ബുക്ക് അറ്റ് ആലപ്പുഴ' പ്ളേ സ്റ്റോറിലെത്തി. ഇന്ത്യ ഇന്നൊവേഷൻസ് ചലഞ്ച് ജേതാവായ ഐ.ടി വിദഗ്ദ്ധൻ ജോയ് സെബാസ്റ്റ്യനാണ് ആപ്പ് രൂപകല്പന ചെയ്തത്.
പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ആലപ്പുഴ നഗരസഭയുടോ ലോഗോയാണ് ചിത്രമായി നൽകിയിരിക്കുന്നത്. നഗരസഭ ലൈബ്രറിയിൽ നിന്ന് അംഗത്വത്തിനൊപ്പം ലഭിക്കുന്ന കാർഡ് നമ്പർ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അംഗത്വവും ഓൺലൈനായി എടുക്കാം. ആപ്പിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇഷ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്ന 10 വോളണ്ടിയർമാരെ ഉപയോഗിച്ചാണ് പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നത്. ഇതിന് പത്ത് രൂപ ഫീസ് ഈടാക്കും.
ഇന്ത്യയിൽ ഒരു തദ്ദേശ സ്ഥാപനം വായനശാലയുമായി ബന്ധപ്പെട്ട് ഇങ്ങനൊരു ആപ്പ് ഇറക്കുന്നത് ആദ്യമാണ്. നഗരസഭ ലൈബ്രറിയിലെ 40,000ത്തിലധികം പുസ്തകങ്ങളുടെ വിവരം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം സ്ഥിരാംഗങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തി. സാങ്കേതിക നടപടികൾക്ക് ഏറെ സമയമെടുത്തു. ആദ്യ ഘട്ടത്തിൽ നഗരസഭ ലൈബ്രറിയെ മാത്രമാണ് ആപ്പിൽ ബന്ധിപ്പിച്ചിരിക്കുന്നത്. പോരായ്മകൾ മനസിലാക്കി തിരുത്തിയ ശേഷം നഗരത്തിൽ ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 18 വായനശാലകളെ കൂടി പദ്ധതിയുടെ ഭാഗമാക്കുക.
# ഏതു ലൈബ്രറിയിലും അംഗത്വം
രണ്ടാം ഘട്ടത്തിൽ ഈ ലൈബ്രറികളിലെ രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങളുടെ വിവരങ്ങളും അംഗങ്ങളുടെ വിവരങ്ങളും ഓൺലൈനിൽ ചേർക്കും. ഇതോടെ ഏത് ലൈബ്രറിയിലും അംഗത്വമെടുക്കാനും ഇഷ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും.
# ഗുണങ്ങൾ
1. ഇഷ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാം
2. ഓൺലൈനായി ലൈബ്രറി അംഗത്വമെടുക്കാം
3. അംഗത്വ ഫീസ് അടയ്ക്കാം
4. പുസ്തകങ്ങൾ അഡ്വാൻസായി ബുക്ക് ചെയ്യാം
ആപ്പ് പ്രവർത്തനസജ്ജമായിട്ടുണ്ട്. വോളണ്ടിയർമാരുടെ പരിശീലനവും പൂർത്തിയായി. അടുത്ത ദിവസം തന്നെ ആപ്പ് വഴി ബുക്കുകൾ ബുക്ക് ചെയ്യാനാവും
സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ