vhj
വലിയഴീക്കൽ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു

സ്കൂൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണി തുടങ്ങി

ഹരിപ്പാട് : കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപപകരുടെ തലയിൽ വീഴുന്ന അവസ്ഥയിലായിരുന്ന വലിയഴീക്കൽ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം വിനിയോഗിച്ചുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

കെട്ടിട ഭാഗങ്ങൾ അടർന്നു വീഴുന്നത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭീഷണിയാകുന്നതായി കേരളകൗമുദി നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഹയർസെക്കൻഡറി വിഭാഗവും പ്രഥാമാദ്ധ്യാപകന്റെയും പ്രിൻസിപ്പലിന്റെയും ഓഫീസും പ്രവർത്തിച്ചു വരുന്ന മൂന്നു നില കെട്ടിടത്തിന്റ കോൺക്രീറ്റ് ഭാഗമാണ് പൊളിഞ്ഞു വീണത്.

സുനാമി സ്മാരക മന്ദിരമായി നിർമ്മിച്ച ഈ കെട്ടിടം 2008ൽ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. അധികനാൾ കഴിയുന്നതിനു മുമ്പു തന്നെ ഇതിന്റെ വരാന്ത പൊട്ടിപ്പൊളിഞ്ഞിരുന്നു. പിന്നീട് ഇവിടെ അറ്റകുറ്റപണി നടത്തി. ഇപ്പോൾ മൂന്നു നിലകളിലെയും കോൺക്രീറ്റ് ഭാഗത്താണ് അറ്റകുറ്റപ്പണി നടത്തുന്നത്. എൽ.കെ.ജി. മുതൽ പ്ലസ്ടു വരെ അറുന്നൂറോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. അപകടാവസ്ഥയിലായ കെട്ടിടത്തിനടുത്തേക്കു കുട്ടികൾ വരാതിരിക്കാൻ കയർ കെട്ടി തിരിച്ചിരിക്കുകയായിരുന്നു. ഇതു കാരണം, സ്‌കൂളിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങിയായിരുന്നു കുട്ടികൾ ശൗചാലയത്തിലേക്കു പോയിരുന്നത്.

മതിൽ ചാടിയെത്തുന്ന സാമൂഹ്യവിരുദ്ധർ

സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലാണ്. ക്ലാസ് മുറിയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലെ ഫാനുകൾ ഉൾപ്പടെയുള്ളവ ഇക്കൂട്ടർ നശിപ്പിച്ചിരുന്നു. സാധാരണക്കാരായ മത്സ്യ-കയർ തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നവരിലധികവും. തങ്ങളുടെ കുട്ടികൾക്ക് ഭീഷണിയാകുന്ന കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയ്ക്കും സാമൂഹ്യവിരുദ്ധ ശല്യത്തിനും എത്രയും വേഗം പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.