തുറവൂർ: വളമംഗലം തെക്ക് കോങ്കേരിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ കൊടിക്കയർ ഉത്സവത്തിന് തുടക്കമായി. 17 ന് സമാപിക്കും. ക്ഷേത്രം തന്ത്രി വേലുണ്ണി മുനമ്പം , മേൽശാന്തി എ.സി.സുമേഷ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഉത്സവം. തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവ കൊടിയേറ്റിനുളള കൊടിക്കയർ എല്ലാവർഷവും വ്രതാനുഷ്ഠാനങ്ങളോടെ നിർമ്മിച്ചു ഇവിടെ നിന്നുമാണ് നൽകുന്നത്. ഇന്നലെ രാവിലെ പരമ്പരാഗത ആചാരവിധിപ്രകാരം മടൽ തല്ലി ചകിരിയാക്കി വൈകിട്ട് ചകിരിയുമായി ക്ഷേത്ര കൊട്ടിലിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 8 ന് ഭാഗവത പാരായണം, 9 ന് നൃസിംഹ മൂർത്തിക്കായുള്ള കൊടിക്കയർ പിരിക്കൽ. 15 ന് രാവിലെ 9 ന് മഹാസുദർശന മൂർത്തിക്ക് കൊടിക്കയർ പിരിക്കൽ .16 ന് രാവിലെ 9 ന് നാഗപൂജ , 10 ന് കൊടിക്കയറുകൾ മാറ്റുന്നു , വൈകിട്ട് 6 ന് ദീപക്കാഴ്ച, 6.36 ന് മുഴുക്കാപ്പ് ദർശനം, തുടർന്ന് വെടിക്കെട്ട്, 7 ന് തളിച്ചു കൊട, 7.30 ന് വിശേഷാൽ യക്ഷിഗന്ധർവ പൂജ, ചെണ്ടമേളം, രാത്രി 8.30 ന് ആദ്ധ്യാത്മിക പ്രഭാഷണം, 10 ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും. 17 ന് പുലർച്ചേ 3 ന് ഐശ്വര്യ ഗന്ധർവ സ്വാമിക്ക് കളമെഴുത്തും പാട്ടും, 10 ന് തൃക്കൊടിക്കയറുകൾ ഒരുക്കി പട്ട് ചുറ്റുന്നു , ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 3 ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറവൂർ മഹാക്ഷേത്ര സന്നിധിയിലേക്ക് തൃക്കൊടിക്കയറുകൾ എഴുന്നള്ളിപ്പ്.