കുട്ടനാട്: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ഊരുക്കരി സർവീസ് സഹ. ബാങ്കിന് 40.59 ലക്ഷം രൂപ പാലക്കാട് സ്വദേശിയായ മില്ലുടമ നൽകണമെന്ന് കോടതി ഉത്തരവ്. അഭിഭാഷകൻ ഇടയ്ക്ക് കൂറ് മാറിയ കേസിൽ 17-ാം വർഷത്തിലാണ് വിധിയുണ്ടായത്.

2005-06 വർഷം നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു ആദ്യം രാമങ്കരി കോടതിയും പിന്നീട് ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയും പരിഗണിച്ച കേസിലാണ് വൈകിവന്ന വിധി. ബാങ്കിന് ലഭിക്കാനുള്ള ചെക്ക് തുകയുടെ രണ്ടു മടങ്ങാണ് പ്രതിയായ ഷിബു അടയ്ക്കേണ്ടത്. കരാർ പ്രകാരമുള്ള തുക സമയം കഴിഞ്ഞിട്ടും ഇയാൾ നൽകാതിരുന്നതിനെത്തുടർന്ന്, രാമങ്കരി കോടതിയിലെ അഭിഭാഷകൻ കിഷോർകുമാർ മുഖേനെ ബാങ്ക് കേസ് ഫയൽ ചെയ്തു. കേസ് നടക്കുന്നതിനിടെ അഭിഭാഷകൻ ഒത്തുതീർപ്പിന് ശ്രമിക്കുകയും ഇതിന്റെ ഭാഗമായി കുറച്ചു തുക കൈമാറുകയും ചെയ്തു. ബാക്കി തുകയ്ക്കു ഷിബു ചെക്ക് നൽകി. പക്ഷേ ചെക്കിന്റെ കാലാവധി കഴിഞ്ഞിട്ടും പണം നൽകാതിരുന്നതോടെ ബാങ്ക് മറ്റൊരു അഭിഭാഷകനെ കേസ് ഏൽപ്പിക്കുകയായിരുന്നു.

തുടർന്നാണ് വിധി വന്നത്.