# മൂന്നു പേർക്കെതിരെ കേസ്
ആലപ്പുഴ: ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച പുതിയ പൈപ്പിന്റെ പമ്പിംഗ് പരിശോധനയ്ക്ക് രാത്രിയിൽ തോട്ടിലെ മലിനജലം ഉപയോഗിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ കേസ്. ജനറൽ ആശുപത്രിയിലെ മാലിന്യങ്ങളടക്കം ഒഴുകുന്ന കൊട്ടാരത്തോട്ടിലെ മലിനജലം പമ്പ് ചെയ്ത സംഭവത്തിൽ രാജിമോൻ, ഷംനാസ്, ടോം ചെറിയാൻ എന്നിവർക്കെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്.
ബുധനാഴ്ച രാത്രി പാലസ് വാർഡിൽ കൊട്ടാരപ്പാലത്തിന് സമീപമായിരുന്നു സംഭവം. ശുദ്ധജലവിതരണ പൈപ്പിലൂടെ മലിനജലം ഒഴുക്കിയതിൽ പ്രകോപിതരായ നാട്ടുകാർ പമ്പിംഗ് തടസപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് സൗത്ത് പൊലീസെത്തി പമ്പിംഗ് നിറുത്തിവയ്ക്കുകയും മലിനജലം പമ്പ് ചെയ്യാൻ ഉപയോഗിച്ച മോട്ടോറും വാഹനവും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കരാറുകാരന് അപാതകയുള്ളതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
പരിശോധനയുടെ ഭാഗമായിട്ടാണ് പൈപ്പിലൂടെ മലിനജലം കയറ്റിയത്. ജനറൽ ആശുപത്രിയിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ കൊട്ടാരത്തോട്ടിലേക്ക് തള്ളുന്നുണ്ട്. പുതിയ ലൈൻ കമീഷൻ ചെയ്യുന്നതിന് മുമ്പ് ജലം സുഗമമായി ഒഴുകുന്നുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു പമ്പിംഗ്. ഇതിന് ശുദ്ധജലം തന്നെയാണ് ഉപയോഗിക്കേണ്ടത്. ശുദ്ധജലം സ്ഥലത്ത് ലഭ്യമല്ലെങ്കിൽ വാഹനത്തിൽ എത്തിക്കണം. ഇതൊന്നും പാലിക്കാതെയാണ് രാത്രിയിൽ മലിനജലത്തിൽ പരീക്ഷണം നടത്തിയത്.
ആലപ്പുഴ നഗരസഭയുടെ അമൃത് പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച പൈപ്പ്ലൈനിൽ പമ്പിംഗ് നടത്തിയത് ജല അതോറിട്ടിയുടെ കരാറുകാരാണ്. ലൈനിൽ കടന്നുകൂടിയ മലിനജലം ഏങ്ങനെ കളയുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
# മന്ത്രിക്ക് പരാതി നൽകി
കുടിവെള്ള പൈപ്പിലേക്ക് മലിനജലം പമ്പ് ചെയ്തത് സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് പരാതി നൽകി. പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പൈപ്പുകളിൽ മലിനജലം കടന്നുകൂടിയതിനാൽ പകർച്ചവ്യാധികൾക്ക് വഴിയൊരുങ്ങാൻ സാദ്ധ്യതയുണ്ട്. സംഭവത്തിന്റെ ഗൗരവവും കണക്കിലെടുത്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെലവ് ഇവരിൽ നിന്നു ഈടാക്കണമെന്നും പരാതിയിൽ പറയുന്നു.