ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളം നവംബർ ഒന്നിന് തുറക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സ്‌പോർട്‌സ് ഡയറക്ടർ പ്രേം കൃഷ്ണൻ, സ്‌പോർട്‌സ് കേരള ചീഫ് എൻജിനീയർ കൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ആര്യാട് പഞ്ചായത്തിൽ നിർമ്മിക്കുന്ന എസ്.ദാമോദരൻ സ്മാരക ഇൻഡോർ സ്റ്റേഡിയം, കണിച്ചുകുളങ്ങരയിലെ ഇൻഡോർ സ്‌റ്റേഡിയം എന്നിവരുടെ പ്രവർത്തികൾ ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന യുവഭാരത് വായനശാല ഇൻഡോർ വോളിബാൾ സ്‌റ്റേഡിയം, 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മാരാരിക്കുളത്തെ ഉദയകുമാർ സ്മാരക വോളിബാൾ സ്റ്റേഡിയം, ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ കായിക ക്ഷമത പദ്ധതിയുടെ ഭാഗമായുള്ള ഓപ്പൺ ജിം തുടങ്ങിയവരുടെ നിർമ്മാണവും ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.