മാന്നാർ: സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വിദ്യാർത്ഥികൾ മാറണമെന്നും ഏത് തലങ്ങളിൽ എത്തിയാലും മനസിൽ തെളിയേണ്ട മുഖം സാധാരണക്കാരുടേതായിരിക്കണമെന്നും കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മെരിറ്റ് ഈവനിംഗ് പരുമല സെമിനാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് മുതൽ പി.എച്ച്.ഡി വരെ ഉന്നത വിജയം നേടിയവരും കലാ-കായിക രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ച വച്ചവരുമായ 2500 ഓളം പ്രതിഭകളെ ആദരിച്ചു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ പീലക്‌സിനോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നിവർ ചേർന്ന് അവാർഡ് വിതരണം ചെയ്തു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ എന്നിവർ സംസാരിച്ചു.