gh
നഗരത്തിൽ കെ.എസ്.ആർ.ടി.സി റൂട്ട് തെറ്റിച്ച് ഓടുന്നത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാ‌ർത്ത

# ഇനി റൂട്ട് തെറ്റിച്ചാൽ നടപടി

ആലപ്പുഴ: നഗരത്തിൽ റൂട്ട് തെറ്റിച്ചോടി സമയലാഭം നേടിയിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ഡ്രൈവർമാർക്ക് പിടിവീഴും. കഴിഞ്ഞ ദിവസം ചേർന്ന മുനിസിപ്പൽതല ട്രാഫിക്ക് റെഗുലേറ്ററി യോഗത്തിലാണ് റൂട്ട് കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയത്. ജില്ലാ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറും ഉത്തരവിറക്കി.

നഗരത്തിന് തെക്ക് നിന്ന് വൈ.എം.സി.എ വഴി സ്റ്റാൻഡിലേക്ക് വരേണ്ട ബസുകൾ, ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നു കിഴക്കോട്ടു തിരിഞ്ഞ് കൊട്ടാരപ്പാലം വഴിയായിരുന്നു സർവീസ്. ഇതോടെ പിച്ചു അയ്യർ ജംഗ്ഷൻ, വൈ.എം.സി.എ, ബോട്ട് ജെട്ടി ഭാഗത്തിറങ്ങേണ്ട യാത്രക്കാർക്ക് സ്റ്റോപ്പ് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകൾക്കാണ് ഇതുവരെ ഈ റൂട്ട് അനുവദിച്ചിരുന്നത്. മറ്റുള്ള ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് നേരെ വടക്കോട്ട് പോകണമെന്ന് കെ.എസ്.ആർ.ടി.സിയുടെ ദിശാസൂചിക എക്സൈസ് ഓഫീസിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ഇത് കാണാത്ത മട്ടിലാണ് പല ഡ്രൈവർമാരും സ്വന്തം ഇഷ്ടത്തിന് റൂട്ട് മാറ്റിയിരുന്നത്.

വൈ.എം.സി.എ ഭാഗത്ത് റോഡ് പണി നടന്നിരുന്ന സമയത്ത് താത്കാലികമായി കൊട്ടാരപ്പാലം - കല്ലുപാലം റൂട്ടിൽ ഓടാൻ ബസുകൾക്ക് അനുമതി നൽകിയിരുന്നു. പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഗതാഗത തിരക്ക് കൂടുതലാണെന്ന ന്യായം പറഞ്ഞായിരുന്നു അനധികൃത റൂട്ടിലെ ഓട്ടം. വീതി കുറഞ്ഞ കൊട്ടാരപ്പാലം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂടുതലായി കടന്ന് കയറുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. ബസിന് വഴിമാറിക്കൊടുക്കേണ്ടി വരുമ്പോൾ, തക‌ർന്ന നടപ്പാതയിൽ ഇടമില്ലാതെ കാൽനടയാത്രികർ ബുദ്ധിമുട്ടുകയാണ്. റൂട്ട് പാലിക്കാത്തത് മൂലം യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സെപ്തംബർ 26ന് 'കേരളകൗമുദി' നൽകിയ വാർത്തയെത്തുടർന്നാണ് നടപടി.


# പുതിയ നിർദ്ദേശം

ആലപ്പുഴ നഗരത്തിന് തെക്കുനിന്ന് വരുന്ന സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ -പിച്ചു അയ്യർ ജംഗ്ഷൻ -ബോട്ട്‌ ജെട്ടി വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിച്ചേരണം.

നിർദ്ദേശം ജീവനക്കാർ കർശനമായി പാലിക്കേണ്ടതാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികൾ അനുവദിക്കില്ല

അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ, ആലപ്പുഴ