photo

ചാരുംമൂട്: ആളില്ലാത്ത രാത്രിയിൽ, പുതിയ വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക് സാധനങ്ങളും ഫാനുകളും മോഷ്ടിച്ചു. താമരക്കുളം കുഴിവേലിൽ കളീയ്ക്കൽ ശങ്കരപ്പിള്ളയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

ഇവരുടെ പഴയവീടിന് തൊട്ടടുത്ത് നിർമ്മിച്ച പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഒരു മാസം മുമ്പാണ് നടന്നത്. വീട്ടുകാർ വല്ലപ്പോഴും മാത്രമാണ് പുതിയ വീട്ടിൽ ഉറങ്ങിയിരുന്നത്. ഇവർ ഇവിടെ ഇല്ലാതിരുന്ന രാത്രിയാണ് മോഷണം നടന്നത്. വയറിംഗുകൾ കേന്ദ്രീകരിക്കുന്ന എല്ലാ ഭാഗവും കട്ട്ചെയ്ത് സ്വിച്ച് ബോർഡും സ്വിച്ചുകളും പ്ലഗ്ഗുകളും റെഗുലേറ്ററുകളും കവർന്നു. സ്വീകരണ മുറിയിലെ 3 ഫാനുകളും അടുക്കള, കിടപ്പുമുറി എന്നിവിടങ്ങളിലെ ഫാനുകളും മോഷ്ടിക്കപ്പെട്ടു. വില കൂടിയ ഫാനുകളായിരുന്നു ഇവ. എന്നാൽ മറ്റ് ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ല. വാതിലുകൾ കുത്തിപ്പൊളിക്കാതെ താക്കോൽ ഉപയോഗിച്ച് വീട് തുറന്ന ലക്ഷണങ്ങളാണുള്ളത്. നൂറനാട് പോലീസിൽ പരാതി നൽകി. സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.