തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപാവലി വലിയ വിളക്ക് ഉത്സവം 17 ന് കൊടിയേറി 25 ന് ആറാട്ടോടെ സമാപിക്കും. 17 ന് രാത്രി 8 നും 8.45 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് അന്നദാനത്തിനായുള്ള കലവറ നിറയ്ക്കൽ ചടങ്ങും നടക്കും. വളമംഗല കണ്ണുവള്ളി ക്ഷേത്രത്തിൽ നിന്നും കൊടിയേറ്റിനുള്ള കൊടിക്കൂറയും വളമംഗലം കോങ്കേരിൽ ക്ഷേത്രത്തിൽ നിന്ന് കൊടിക്കയറും വൈകിട്ട് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാക്ഷേത്ര സന്നിധിയിൽ എത്തിക്കും. 25 ന് രാവിലെ 10.30 നും 11.30 നും മദ്ധ്യേയാണ് ആറാട്ട് . 9 ദിനരാത്രങ്ങൾ നീളുന്ന ഉത്സവത്തിന് കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരുടെ എഴുന്നള്ളത്തും പത്മശ്രീ പെരുവനം കുട്ടൻ മാരാരടക്കമുള്ള കലാകാരന്മാരുടെ മേളവും കലാപരിപാടികളും അരങ്ങേറും. ഉത്സവ നാളുകളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവുമുണ്ടാകും. ഉത്സവത്തിന്റെ ഭാഗമായി വിശാലമായ പന്തലുകൾ ഉൾപ്പടെയുള്ള വൻ സജ്ജീകരണകളാണ് ഒരുക്കിയിരിക്കുന്നതെന്ന് തിരുവുത്സവ കമ്മിറ്റി ഭാരവാഹികളായ അഡ്വ.കെ.പി. ധനേഷ്, കെ. ഗോപിനാഥൻ നായർ, ആർ.രമേശൻ , ദേവസ്വം എ. ഒ കെ.ആർ.ബിജു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.