മാന്നാർ: വലിയ പെരുമ്പുഴക്കടവിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മൂന്നു പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഫയർഫോഴ്സ് നടത്തിൽ മോക്ഡ്രിൽ ശ്രദ്ധേയമായി. മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ചെറിയ വള്ളത്തിൽ ഉണ്ടായിരുന്ന ചെന്നിത്തല, കണ്ടിയൂർ സ്വദേശികളായ മൂന്നു പേരിൽ ഒരാളായ സന്തോഷിനെ കാണാതാവുന്നു, സന്തോഷ് മുങ്ങിത്താഴുന്നു, സഹോദരി വാവിട്ടു നിലവിളിക്കുന്നു, സ്കൂബ ടീം സന്തോഷിനെ മുങ്ങിയെടുത്ത് അതിവേഗം ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിക്കുന്നു, മെഡിക്കൽ ഓഫീസർ ഡോ. ശ്രീപാർവതി പരിശോധിക്കുന്നു എന്നിവ ഉൾപ്പെടുത്തിയായിരുന്നു മോക്ഡ്രിൽ. മാവേലിക്കര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ആർ. ജയദേവന്റെ നേതൃത്വത്തിലുള്ള സംഘവും സ്കൂബ ടീം, സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളുമാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. വള്ളത്തിൽ ഉണ്ടായിരുന്ന സന്തോഷിന്റെ സഹോദരിയായി വേഷമിട്ടത് മാന്നാർ കോയിക്കൽമുക്ക് സ്വദേശിയായ അലീന ഗിരീഷ് (38) ആണ്.