photo
കോൺഗ്രസ് അനുകൂല കയർ സംഘടനകളുടെ സമരാവലോകനയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കയർമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാവശ്യപ്പെട്ട് നടത്തുന്ന സമരം ശക്തമാക്കാൻ കോൺഗ്രസ് അനുകൂല കയർ സംഘടനകളുടെ സമരാവലോകനയോഗം തീരുമാനിച്ചു. കയർമേഖലയിൽ ഗുണനിലവാരമില്ലാത്ത യന്ത്റസാമഗ്രികൾ വിതരണം ചെയ്തതിൽ ഗുരുതര അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടനിലക്കാരുടെ വിലകൂടിയ ചകിരി സംഘങ്ങളിൽ അടിച്ചേൽപ്പിക്കുന്നതും കൊടുത്ത കയറിന്റെയും കയറുത്പന്നങ്ങളുടെയും വിലനൽകാതെ ഉത്പാദകരെയും തൊഴിലാളികളെയും വെല്ലുവിളിക്കുന്നതുമാണ് സർക്കാർ സ്വീകരിക്കുന്ന നിലപാടെന്ന് യോഗം ആരോപിച്ചു. സമരം കൂടുതൽ ശക്തമാക്കാനും തീരുമാനമായി.
കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. സജി കുര്യക്കോസ്, സി.ഡി.ശങ്കർ, എം.അനിൽകുമാർ, ആർ.ശശിധരൻ, മധു വാവക്കാട്, കെ.പി.ആഘോഷ് കുമാർ, സി.ആർ.സാനു, ബാഹുലേയൻ, എം.ജി.തിലകൻ, എൻ.സുമന്ത്റൻ, എം.ജി.സാബു,രാജേന്ദ്ര ബാബു,പൊന്നപ്പൻ,രാധാകൃഷ്ണൻ,കൃഷ്ണപ്പൻ,കാർത്തികേയൻ എന്നിവർ പങ്കെടുത്തു.