ആലപ്പുഴ: റെയിൽവേയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക ഉടമകൾക്ക് പൂർണമായി നൽകാത്തതിനാൽ ആലപ്പുഴയിൽ റവന്യു വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള നാല് വാഹനങ്ങൾക്ക് ജപ്തി ഭീഷണി.

ടൗൺ പ്ളാനിംഗ്, ലീഗൽ മെട്രോളജി, റവന്യു വിഭാഗത്തിലെ വിവിധ ഓഫീസുകളിലുള്ള അഞ്ചു വാഹനങ്ങളാണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി വകുപ്പിന്റെ വാഹനം കോടതിയിൽ നിന്നെത്തിയ സംഘം ജപ്തി ചെയ്തിരുന്നു. മറ്റുള്ളവ കളക്ടറേറ്റിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിലാണ് പാർക്ക് ചെയ്തിരിക്കുന്നത്.

തീരദേശ പാതയുടെ വികസനവുമായി ബന്ധപ്പെട്ടാണ് സ്ഥലം ഏറ്റെടുത്തത്. നഷ്ടപരിഹാരം കുറവായതിനാൽ ഉടമകൾ കോടതിയെ സമീപിച്ചു. മതിയായ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായെങ്കിലും തുക ലഭിക്കാതെ വന്നതോടെ സ്ഥലം ഉടമകൾ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണ് ജപ്തി നടപടി. ജപ്തി ഭീഷണി നേരിടുന്ന വാഹനങ്ങളെല്ലാം പുതിയവയാണ്.