മാവേലിക്കര : പൊളിച്ചിട്ട തട്ടാരമ്പലം - പന്തളം റോഡിൽ നിരത്താതെ ഇട്ടിരിക്കുന്ന മെറ്റൽ കൂന വാഹനയാത്രക്കാർക്ക് മരണക്കെണിയാകുന്നു. ഇതിനകം വ്യത്യസ്ത വാഹനാപകടങ്ങളിൽ 6 ജീവനുകളാണ് ഈ റോഡിൽ പൊലിഞ്ഞത്.
ഒന്നര വർഷത്തിനുള്ളിൽ തീർക്കുമെന്ന് പറഞ്ഞ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും പാതിവഴി പിന്നിട്ടിട്ടില്ല. കെ.എസ്.ടി.പിക്കാണ് നിർമ്മാണ ചുമതല. റോഡിന്റെ ഒരു ഭാഗത്തെ പണി പൂർത്തീകരിക്കാതെയാണ് മറ്റൊരു സ്ഥലത്ത് നിർമ്മാണം നടത്തുന്നത്. നിലവിൽ പന്തളം, വെട്ടിയാർ, മാങ്കാംകുഴി എന്നിവിടങ്ങളിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്.
തഴക്കര മുതൽ വെട്ടിയാർ വരെയുള്ള ഭാഗങ്ങളിൽ അപകടം പതിവാണ്. ഇരുചക്ര വാഹനങ്ങൾ ഓടയിൽ വീണാണ് അപകടങ്ങളിൽ പകുതിയും ഉണ്ടായത്.
കഴിഞ്ഞ ദിവസം വെട്ടിയാർ ക്ഷേത്രത്തിന് സമീപം പൊളിച്ചിട്ട റോഡിൽ മെറ്റൽ കൂന നിരത്താതെ ഇട്ടതിനെ തുടർന്ന് ടിപ്പർ ലോറി ബ്രേക്ക് കിട്ടാതെ പിന്നിലേക്കുരുണ്ടപ്പോൾ ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് വഴിയാത്രക്കാരനായ തകിടിയിൽ ശ്രീജിത്ത് ഭവനത്തിൽ ചന്ദ്രശേഖരൻ പിള്ള (71) മരിച്ചിരുന്നു.
അശാസ്ത്രീയമായ നിർമ്മാണരീതികൾ കാരണം ഇവിടെ അപകടങ്ങൾ പതിവാണ്. കരാർ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
സുജിത്ത് വെട്ടിയാർ