ചാരുംമൂട് : പരിശീലനത്തിന് സ്വന്തമായൊരു സ്റ്റേഡിയത്തിനായുള്ള പാലമേൽ ഗ്രാമ പഞ്ചായത്തിലെ കായിക പ്രതിഭകളുടെ കാത്തിരിപ്പ് നീളുന്നു. അയൽ പഞ്ചായത്തായ താമരക്കുളത്ത് സർക്കാർ സഹായത്തോടെ കോടികൾ മുടക്കി ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം പണി പൂർത്തിയായി വരുമ്പോൾ ഇതു പോലെ എന്ന് തങ്ങളുടെ പഞ്ചായത്തിലും സ്റ്റേഡിയമുയരുമെന്നാണ് പാലമേൽ പഞ്ചായത്തുകാർ ചോദിക്കുന്നത്.
കായികപരിശീലനത്തിനും മത്സരത്തിനും വേദി ഒരുക്കാനായി പുത്തൻവിള ക്ഷേത്രത്തിനു മുന്നിലെ മുക്കാൽ ഏക്കറോളം സ്ഥലം 35 വർഷം മുമ്പ് പഞ്ചായത്ത് വാങ്ങുകയും പ്രാരംഭ ഘട്ടമായി ഇവിടെ ഒരു ഓപ്പൺ സ്റ്റേജും കുഴൽക്കിണറും നിർമ്മിച്ചെങ്കിലും തുടർനിർമ്മാണം മുന്നോട്ടു നീങ്ങിയില്ല. ഇതിനു ശേഷം ഭരണസമിതികൾ മാറി വന്നിട്ടും സ്റ്റേഡിയം യാഥാർത്ഥ്യമായില്ല. സ്കൂൾ,കോളേജ് തലങ്ങളിൽ പ്രതിഭ തെളിയിച്ച നൂറുക്കണക്കിനു കായിക താരങ്ങൾ പാലമേൽ ഗ്രാമ പഞ്ചായത്തിലുണ്ട്. ഇവർക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പഞ്ചായത്ത് വക സ്റ്റേഡിയം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നാണ് നാടിന്റെ ആവശ്യം.
കലാലയ ജീവിതം അവസാനിപ്പിച്ചു പുറത്തു വരുന്ന കായിക താരങ്ങൾക്ക് തുടർ പരിശീലനം മുന്നോട്ടു കൊണ്ടു പോകുന്നതിന് നിലവിൽ സൗകര്യമില്ല. കായിക പരിശീലനത്തിനും മത്സരങ്ങൾക്കും വേദിയാകുന്ന തരത്തിൽ ആധുനിക സൗകര്യങ്ങളൊരുക്കി പുത്തൻവിള ഗ്രൗണ്ടിൽ ഒരു മിനി സ്റ്റേഡിയമെങ്കിലും നിർമ്മിക്കണം
-നവാസ് ആദിക്കാട്ടുകുളങ്ങര, പൊതുപ്രവർത്തകൻ