ദേശീയ പുരസ്‌കാരം നേടിയ ആലപ്പുഴ നഗരസഭയ്ക്ക് ആദരം
ആലപ്പുഴ: മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളെ എതിർക്കുന്നതും അതിനെതിരെ സമരം ചെയ്യുന്നതും അന്ധവിശ്വാസമായി കാണേണ്ടിവരുമെന്ന് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. ദേശീയ ശുചിത്വ പുരസ്‌കാരം നേടിയ ആലപ്പുഴ നഗരസഭയിലെ ശുചിത്വ പ്രവർത്തകർക്ക് നൽകിയ ആദര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യപ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ കൊവിഡിനെക്കാൾ ഭീകരമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് വഴിയൊരുക്കും.
ലഹരിക്കെതിരെ ആരംഭിച്ചതിന് സമാനമായ കൂട്ടായ പോരാട്ടം മാലിന്യ സംസ്ക്കരണ വിഷയത്തിലുമുണ്ടാകണം. കോഴിയിറച്ചി മാലിന്യ സംസ്‌കരിക്കരണത്തിന് 10 ജില്ലകളിൽ പ്ലാന്റുകളുണ്ട്. നാലു ജില്ലകളിൽക്കൂടി ഇനി സ്ഥാപിക്കും. കെട്ടിടം പൊളിക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും അനിവാര്യമാണ്.
എല്ലാവീടുകളിൽ നിന്നും നിർബന്ധമായും മാലിന്യം ശേഖരിക്കുന്ന സംവിധാനമുണ്ടായാൽ ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്രതിമാസം പതിനായിരം രൂപവീതം വരുമാനമുണ്ടാക്കാം. 30,000 രൂപവരെ പ്രതിമാസം വരുമാനമുണ്ടാക്കുന്ന ഹരിതകർമ്മസേനാംഗങ്ങളുണ്ടെന്നും കീഴാറ്റൂർ പഞ്ചായത്ത് ഉദാഹരണമായി ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.
ശുചിത്വത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ആലപ്പുഴ നഗരസഭയ്ക്കുള്ള ആദരം മന്ത്രിയിൽ നിന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഏറ്റുവാങ്ങി. ശുചിത്വമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബീനാരമേശ്, ബിന്ദുതോമസ്, എ.ഷാനവാസ്, കെ.ബാബു, ആർ.വിനീത, കൗൺസിലർമാരായ എം.ആർ.പ്രേം, നസീർ പുന്നയ്ക്കൽ, എ.എസ്.കവിത, പി.രതീഷ്, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.പ്രദീപ് കുമാർ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.വി.ജയകുമാരി, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്.രാജേഷ്, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ തുടങ്ങിയവർ പങ്കെടുത്തു.
ശരിയായ പാതയിലെന്ന തിരിച്ചറിവാണ്
പുരസ്ക്കാരം: സൗമ്യരാജ്
പുതിയ നഗരസഭാ മന്ദിരത്തിലെ എ.സി മുറിയിൽ ഇരിക്കുന്നതിനെക്കാൾ പ്രാധാന്യം ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന് നൽകിയതിനാലാണ് ശതാബ്ദി മന്ദിരത്തിന്റെ പൂർത്തീകരണം നീണ്ടുപോയതെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു. മുൻഭരണ സമിതി തുടങ്ങിവച്ച റോഡ്, പാലം നിർമ്മാണങ്ങൾക്ക് മാത്രം 21 കോടി രൂപ ഉപയോഗിച്ചു. രണ്ടരലക്ഷം പേർ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനുമുൾപ്പടെ എട്ട് കോടിയോളം രൂപയാണ് വേണ്ടിവന്നത്. ഈ വിഷയങ്ങൾക്ക് പ്രാധാന്യ നൽകിയതോടെയാണ് ശതാബ്ദി നിർമ്മാണ പൂർത്തീകരണം വൈകിയതെന്ന് സൗമ്യരാജ് പറഞ്ഞു. ശുചിത്വത്തിന്റെയും, ജൈവ പച്ചക്കറിയുടെയും പാതയിൽ സഞ്ചരിച്ചപ്പോൾ, തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, ശരിയായ പാതയിലാണ് എന്ന തിരിച്ചറിവാണ് പുരസ്ക്കാരം സമ്മാനിക്കുന്നതെന്നും സൗമ്യരാജ് കൂട്ടിച്ചേർത്തു.