ആലപ്പുഴ: നാടിന്റെ എല്ലാ നേട്ടങ്ങളെയും പിന്തള്ളുന്ന തരത്തിൽ ഉയരുന്ന, ലഹരി വ്യാപനത്തിനെതിരെ ജാഗ്രതാസമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉടൻ ഉദ്യോഗസ്ഥതല യോഗങ്ങൾ ചേർന്ന് തദ്ദേശാടിസ്ഥാനത്തിൽ മയക്കുമരുന്ന് വ്യാപനം തടയാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും.
ഇതിന് മുന്നോടിയായി ജാഗ്രതാസമിതികൾക്ക് രൂപം നൽകിയ പ്രദേശങ്ങളുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ വിവിധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, വിഷയത്തിലൂന്നി ഒരു പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളെയും കൂടെ കൂട്ടി കഴിഞ്ഞദിവസം ബോധവത്കരണ ക്ലാസ് നടത്തിയത് ആര്യാട് പഞ്ചായത്താണ്. വിദ്യാർത്ഥികളെ മുതൽ വയോജനങ്ങളെ വരെ ഉൾപ്പെടുത്തി വിവരങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കുന്നു എന്നതാണ് ജനകീയ ജാഗ്രതാ സമിതികളുടെ മേൻമ.
ജാഗ്രതാസമിതി
പ്രദേശത്ത് കർശന നിരീക്ഷണം നടത്തുകയാണ് ജാഗ്രതാ സമിതികൾ പ്രാഥമികമായി ചെയ്യുക. കളി സ്ഥലങ്ങളിലടക്കം പുറത്ത് നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്നവരുടെ വിവരങ്ങൾ എക്സൈസിനും പൊലീസിനും കൈമാറും. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മേൽനോട്ടത്തിൽ എക്സൈസ് പ്രതിനിധികളെയും ഉൾക്കൊള്ളിച്ചാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കുക.
പൊലീസിന്റെ 'യോദ്ധാവ്' ഫോൺ നമ്പർ : 9995966666
ലഹരി കേസുകൾ അനുദിനം വർദ്ധിക്കുകയും വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പടെ കണ്ണികളാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാടിനാകെ മാതൃകയാകുന്ന തരത്തിൽ ജനജാഗ്രതാ സദസ് ആര്യാട് പഞ്ചായത്തിൽ ചേർന്നത്. കേരളം നേടിയെടുത്ത എല്ലാ വികസനത്തിനും കടുത്ത വെല്ലുവിളിയാണ് ലഹരി ഉയർത്തുന്നത്
- യുവധാര വൈ.എസ്.എസ്, ആര്യാട്