കയർമേഖലയിൽ സമരം കനക്കുന്നു
ആലപ്പുഴ: ഉത്പാദനവും വിതരണവും തടസപ്പെടുംവിധം കയർമേഖലയിൽ രണ്ടാഴ്ച നടത്തിയ സമരംകൊണ്ട് ഒരുഫലവും ഉണ്ടാവാത്ത സാഹചര്യത്തിൽ രണ്ടാംഘട്ട സമരത്തിന് തുടക്കമാകുന്നു. സി.പി.എം ഒഴികെയുള്ള കയർ സംഘടനകൾ ഒറ്റയ്ക്കൊറ്റയ്ക്ക് സമരത്തിനിറങ്ങും.
മാസങ്ങൾക്ക് മുമ്പ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് ഒന്നാംഘട്ട സമരം നടത്തിയത്. അന്ന് മന്ത്രിതലത്തിൽ ലഭിച്ച വാഗ്ദാനങ്ങൾ പാഴ്‌വാക്കായതോടെയാണ് അടുത്ത സമരനീക്കം.
കുത്തിയിരിപ്പ് സമരം മുതൽ വാഹന പ്രചാരണ ജാഥയടക്കമാണ് സംഘടനകൾ ഇക്കുറി ആവിഷ്കരിച്ചിരിക്കുന്നത്. സി.പി.ഐ സംഘടനയായ കേരള സ്റ്റേറ്റ് സ്മാൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കയർ പ്രോജക്ട് ഓഫീസ് പടിക്കൽ ചെറുകിട ഉത്പാദകർ പ്രകടനവും ധർണയും നടത്തി. കോൺഗ്രസ് സംഘടനയായ കേരള സ്റ്റേറ്റ് കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ 20 മുതൽ 24 വരെ വാഹനജാഥ സംഘടിപ്പിക്കും.
പഠിക്കണം, തമിഴ്നാടിനെ
കോടിക്കണക്കിന് രൂപയുടെ കയർ ഉത്പന്നങ്ങൾ കേരളത്തിലെ ഉത്പാദകരുടെ ഫാക്ടറികളിലും സഹകരണ സംഘങ്ങളിലും സ്റ്റോക്കാണ്. എന്നാൽ തമിഴ്നാട്ടിൽ അനുകൂല സാഹചര്യങ്ങൾ ഏറെയുള്ളതിനാൽ അവിടെ കയർ വ്യവസായം തഴച്ചുവളരുന്നു. തെങ്ങിൻ തോപ്പുകൾ മുതൽ മെഷീനുകളുടെ ഗുണനിലവാരത്തിൽ വരെ കേരളത്തെ പിന്നിലാക്കിയാണ് തമിഴ്നാട് കുതിക്കുന്നത്. ഇതോടെ കേരളത്തിലെ കയറ്റുമതി മുതലാളിമാർ പലരും തമിഴ്നാട്ടിൽ ഫാക്ടറി സ്ഥാപിച്ചു കഴിഞ്ഞു.
പ്രതിസന്ധി നേരിടുന്നവർ
8000 ചെറുകിട ഫാക്ടറി ഉടമകൾ
35,000 തൊഴിലാളികൾ
ആവശ്യങ്ങൾ
1.കയർ - കൈത്തറി മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുക
2.ക്രയവില സ്ഥിരത പദ്ധതിയുടെ പ്രവർത്തന പുരോഗതിക്ക് ആവശ്യമായ സാമ്പത്തികം കയർ കോർപ്പറേഷന് നൽകുക
3.പൊതുമേഖല സ്ഥാപനങ്ങൾക്ക് വിദേശ - ആഭ്യന്തര മാർക്കറ്റിൽ നിന്നു ഓർഡർ സംഭരിക്കാൻ നടപടി സ്വീകരിക്കുക
4.ചെറുകിട ഉത്പാദകരുടെ സംഘങ്ങൾക്ക് കയർ കോർപ്പറേഷൻ നൽകാനുള്ള ഉത്പന്നവില കുടിശ്ശിക തീർക്കുക
5.ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കുക
6.ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക
വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കിയിട്ടില്ല. പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ഇടപെടലുണ്ടാകണം
- ഡി.സനൽകുമാർ, ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്മോൾ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷൻ
നിരന്തരമായ അവഗണനയാണ് സർക്കാരിൽ നിന്നുണ്ടാകുന്നത്. ഇതിന് അവസാനം വേണം
- എം.അനിൽകുമാർ, കേരള സ്റ്റേറ്റ് കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ