മാന്നാർ : ബുധനൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിനെയും മാന്നാർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിനെയും ബന്ധിപ്പിക്കുന്ന തുമ്പിനാൽ കടവ് ആംബുലൻസ് പാലം അപകട ഭീഷണിയിൽ. ചെറിയ വാഹനങ്ങൾ മാത്രം കടന്നു പോകുന്ന പാലത്തിന്റെ മാന്നാർ പഞ്ചായത്ത് അതിർത്തിയിലുള്ള അപ്രോച്ച് റോഡിനോട് ചേരുന്ന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടതോടെയാണ് നാട്ടുകാർ ഭീതിയിലായത്. ദിവസേന സ്‌കൂൾ കുട്ടികളടക്കം നിരവധിയാളുകൾ കാൽനടയായും ഇരുചക്ര വാഹനങ്ങളിലുമായി സഞ്ചരിക്കുന്ന പാലമാണിത്. കുട്ടംപേരൂർ ആറിന് കുറുകെ രണ്ടര പതിറ്റാണ്ടു മുമ്പാണ് പാലം നിർമ്മിച്ചത്. അതിനു മുമ്പ് കടത്തുവള്ളമായിരുന്നു ആശ്രയം.
2018 ലെ പ്രളയകാലത്ത് പാലത്തിന്റെ ഒരു ഭാഗം പതിനഞ്ച് മീറ്ററോളം ദൈർഘ്യത്തിൽ തകർന്നതിനെ തുടർന്ന്, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.88 ലക്ഷം രൂപ ചെലവഴിച്ച് ബുധനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനർ നിർമിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നവിധം വലിയ പാലം ഇവിടെ നിർമ്മിക്കണമെന്ന ആവശ്യം ബുധനൂർ -മാന്നാർ ഗ്രാമപഞ്ചായത്ത് നിവാസികൾ വർഷങ്ങളായി ഉയർത്തുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല
അഴിമതിയെന്ന് ബി.ജെ.പി
അഞ്ചു ലക്ഷത്തോളം രൂപ ഉപയോഗിച്ച് പുനർനിർമ്മിച്ച പാലത്തിൽ സിമന്റ്, കമ്പി, മെറ്റൽ എന്നിവ വളരെ കുറഞ്ഞ അളവിലാണ് ചേർത്തതെന്നും ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിൽ നടന്നതെന്നും ബി.ജെ.പി ആരോപിച്ചു. ബുധനൂർ നിവാസികൾക്ക് വളരെ വേഗം മാന്നാറിലേക്ക് എത്തുവാൻ സാധിക്കുന്ന സഞ്ചാരമാർഗ്ഗമായ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പുതുക്കിപ്പണിയണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീഷ് കൃഷ്ണൻ ആവശ്യപ്പെട്ടു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ, വാർഡംഗം സുജാത ടി., ഉല്ലാസ്, അനന്ദു, സോമദത്തൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.