കായംകുളം : വനിതാ കൗൺസിലറെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അപമാനിച്ചതായി ആരോപിച്ച് കായംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
കഴിഞ്ഞ 15 ന് നടന്ന കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർക്കെതിരേ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോശം പരാമർശം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. തുടർന്ന് അന്ന് കൗൺസിൽ യോഗം അലങ്കോലപ്പെട്ടിരുന്നു. ബാക്കി അജണ്ടകൾ പാസാക്കാൻ ഇന്നലെ വീണ്ടും ചേർന്ന കൗൺസിൽ യോഗവും ബഹളത്തിൽ മുങ്ങുകയായിരുന്നു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയിൽ 13 ാം വാർഡ് കൗൺസിലർ മിനി കോൺട്രാക്ടറുമായി ധാരണയിലെത്തി എന്നായിരുന്നു പൊതാമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ സുൾഫിക്കർ ആരോപിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ഈ വിവാദ പരാമർശത്തിൽ മാപ്പ് പറയുന്നതു വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ പറയുന്നത്
13 ാം വാർഡിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോൾ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും അംഗങ്ങളും ചേർന്ന് സ്ഥലം സന്ദർശിക്കുകയും വർക്കിൽ അപാകത കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചെയർപേഴ്സന്റെ ചേംബറിൽ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മോണിറ്ററിംഗ് കമ്മിറ്റി കൺവീനറും ഉദ്യോഗസ്ഥരും കോൺട്രാക്ടറുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നം പരിഹരിക്കുന്നതിൽ ധാരണയാവുകയുമായിരുന്നു എന്നാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൗൺസിൽ യോഗത്തിൽ പറഞ്ഞത്. എന്നാൽ ധാരണയെന്ന വാക്കിനെ വളച്ചൊടിച്ച് യുഡിഎഫ് പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.