കായംകുളം: കായംകുളം ബോട്ട് ജെട്ടിയിലെ പാർക്കിലെത്തിയ യുവാവിന്റെയും പെൺകുട്ടിയുടെയും അതിരുവിട്ട പെരുമാറ്റം ചോദ്യം ചെയ്തതിന് സമീപത്തെ താമസക്കാരനെ കഞ്ചാവ് മാഫിയ വീടുകയറി ആക്രമിമിക്കാൻ ശ്രമിച്ചെന്ന് പരാതി. ആയുധങ്ങളുമായി എത്തിയ പത്തംഗ സംഘത്തിലെ പതിനഞ്ചുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കായൽവാരത്ത് ഷാജിയുടെ വീട് ആക്രമിക്കാനാണ് സംഘം എത്തിയത്. രണ്ട് ദിവസം മുമ്പ് ഇതിലൊരാൾ പെൺകുട്ടിയുമായി പാർക്കിൽ എത്തിയിരുന്നു. ഇവരുടെ പെരുമാറ്റം അതിരുവിട്ടതോടെ സമീപ വീട്ടുകാർ ചോദ്യം ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ആയുധങ്ങളുമായി വീട് ആക്രമിക്കാൻ എത്തിയത്.
നാട്ടുകാർ സംഘടിച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ പതിനഞ്ചുകാരൻ പിടിയിലാകുകയായിരുന്നു. ഇയാളെ കായംകുളം പൊലീസിന് കൈമാറി.സംഭവമറിഞ്ഞ് വാർഡ് കൗൺസിലർ കെ.പുഷ്പദാസും സ്ഥലത്തെത്തിയിരുന്നു.