 
മുതുകുളം സാമൂഹികാരോഗ്യകേന്ദ്രത്തിൽ വൈകിട്ട് ആറിനു ശേഷം ചികിത്സയില്ല
ഹരിപ്പാട് : മുതുകുളം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ 24-മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന,തീരദേശവാസികളുടെ അരനൂറ്റാണ്ടിലേറെയുള്ള ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. മാറി മാറി വന്ന സർക്കാരുകൾക്ക് ഇക്കാര്യമുന്നയിച്ച് പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അരോഗ്യ മന്ത്രിയായിരുന്ന വി.എസ്.ശിവകുമാർ എൻ.ആർ.എച്ച്.എം. കെട്ടിട ഉദ്ഘാടനവേളയിൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്ന് പ്രഖ്യാപുച്ചെങ്കിലും അത് പാഴ്വാക്കായി മാറി. 24-മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെങ്കിൽ കുറഞ്ഞത് എട്ടു ഡോക്ടർമാരും ആനുപാതികമായി നഴ്‌സുമാരുൾപ്പെടെയുളള മറ്റു ജീവനക്കാരും വേണ്ടിവരും. മുമ്പ് പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നപ്പോഴുള്ള സൗകര്യങ്ങൾ പോലും ഇപ്പോൾ ഇവിടെ നിന്ന് രോഗികൾക്കു ലഭിക്കുന്നില്ലെന്ന അക്ഷേപമുണ്ട്.
കയർ-മത്സ്യ-കർഷക തൊഴിലാളികളാണ് മുതുകുളത്തെയും പരിസരപ്രദേശങ്ങളിലെയും താമസക്കാരിലധികവും. വൈകിട്ട് ആറിനുശേഷം ഒരു ചികിത്സാ സൗകര്യവും ഈ പ്രദേശത്തില്ല. ഇവിടെ ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രികളും പൂട്ടിപ്പോയി. പത്തു കിലോമീറ്റർ അകലെ കായംകുളത്തോ ഹരിപ്പാട്ടോ എത്തിയാൽ മാത്രമേ അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ ലഭിക്കുകയുള്ളൂ. മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മുതുകുളം, ആറാട്ടുപുഴ, ചിങ്ങോലി, കണ്ടല്ലൂർ, പത്തിയൂർ, ചേപ്പാട് പഞ്ചായത്തുകളിലെ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
പദവി മാറി, സൗകര്യം പഴയതു തന്നെ
പ്രാന്തമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രമായി പദവി ഉയർത്തിയപ്പോൾ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ മതിയായ ജീവനക്കാരെ നിയമിക്കുകയോ ചെയ്തില്ല. ഇപ്പോൾ കിടത്തി ചികിത്സ പോലും പേരിനു മാത്രമാണ്. കണ്ടല്ലൂർ, ആറാട്ടുപുഴ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി മെച്ചപ്പെട്ട ചികിത്സ നൽകുമ്പോഴാണ് മാതൃസ്ഥാപനമായ മുതുകുളം സാൂമൂഹ്യാരോഗ്യകേന്ദ്രം പരാധീനതയിൽ കഴിയുന്നത്. ദിവസവും മൂന്നൂറും നാനൂറും രോഗികൾ ഇവിടെ ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്താറുണ്ട്. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ഡോക്ടർമാർ നിലവിലുണ്ടെങ്കിലും മിക്കപ്പോഴും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമേ ഒ.പി.യിൽ പരിശോധനക്കുണ്ടാകാറുള്ളൂ. സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കുറവുണ്ടാകുമ്പോൾ ഇവിടെ നിന്ന് പകരക്കാരെ അയക്കേണ്ടിവരും.