തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തൊഴിൽ തർക്കത്തിന് പരിഹാരമായി . എ.എം. ആരിഫ് എം.പിയുടടെ സാന്നിദ്ധ്യത്തിൽ കരാറുകാരനും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നം ഒത്തുതീർന്നത്. നിലവിലെ 4 പ്രാദേശിക തൊഴിലാളികൾക്ക് പുറമെ 4 പേരെ കൂടി കൂടുതലായി ഉൾപ്പെടുത്തുവാൻ കരാറുകാരൻ സന്നദ്ധനായയു. പ്രദേശവാസികളായ കൂടുതൽ തൊഴിലാളികളെ പണിക്കെടുക്കണമെന്ന ആവശ്യം ഉയർത്തിയാണ് സി.ഐ.ടി.യു; ഐ.എൻ.ടി.യു.സി, എ. ഐ. ടി. യു.സി; ബി.എം.എസ് എന്നീ യൂണിയനുകൾ സമരരംഗത്തെത്തിയത്. അടുത്ത വർഷം ഏപ്രിലിൽ പണി പൂർത്തീകരിച്ച് കെട്ടിടം കൈമാറാൻ ലക്ഷ്യമിട്ട് ധൃതഗതിയിൽ നിർമ്മാണം മുന്നോട്ട് പോകുന്നതിനിടെയാണ് തൊഴിൽ തർക്കത്തെ തുടർന്ന് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം നിലച്ചത്. ദെലീമ ജോജോ എം.എൽ.എ. ,പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആർ റൂബി, ട്രേഡ് യൂണിയൻ നേതാക്കളായ പി.ഡി.രമേശൻ, പി.ടി. പ്രദീപ്, സോമകുമാർ, എൻ.കെ.മുരളീധരൻ; സന്തോഷ്; എസ് സുമേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.