തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന് കൊടിയേറി. വളമംഗലം തെക്ക് കണ്ണു വളളിൽ കുടുംബ ക്ഷേത്രത്തിൽ തയ്യാറാക്കിയ കൊടിക്കൂറയും കോങ്കേരിൽ ക്ഷേത്രത്തിൽ പരമ്പരാഗതമായ ആചാരവിധിപ്രകാരം നിർമ്മിച്ച കൊടിക്കയറും ഇന്നലെ വൈകിട്ട് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിച്ച് ഇരുനടകളിലും സമർപ്പിച്ചു. രാത്രി 8 നും 8.45 നും മദ്ധ്യേ,നാരായണ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് . നരസിംഹ മൂർത്തിയുടെ സ്വർണ്ണ ധ്വജത്തിൽ മേൽശാന്തി മധുസൂദനൻ അടുക്കത്തായരും മഹാസുദർശനമൂർത്തിയുടെ സ്വർണ്ണ ധ്വജത്തിൽ ശ്രീധര കജനായരും കൊടിയേറ്റി.തുടർന്ന് വിഭവ സമർപ്പണവും കൊടിയേറ്റ് സദ്യയും നടന്നു. 24 നാണ് ദീപാവലി വലിയ വിളക്ക് , 25 ന് രാവിലെ 10.30 നും 11.30 നും മദ്ധ്യേ ആറാട്ടോടെ ഉത്സവം സമാപിക്കും. തുറവൂർ മഹാക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലുളള ഉത്സവത്തിന് ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തലയെടുപ്പുള്ള 12 ഗജവീരന്മാരാണ് എഴുന്നള്ളത്തിനെത്തുന്നത്. പെരുവനം കുട്ടൻ മാരാരടക്കമുള്ള കലാകാരന്മാരുടെ മേളവും മറ്റ് കലാപരിപാടികളും ഉത്സവത്തിന് കൊഴുപ്പേകും .