ആലപ്പുഴ: കൊയ്തിട്ട നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കർഷകർ എ.സി റോഡിൽ നെല്ല് വിരിച്ചു പ്രതിഷേധിച്ചു. നെടുമുടി കൃഷി ഭവൻ പരിധിയിലുള്ള പൂതിയോട്ട് വരമ്പിനകം പാടശേഖരത്തിലെ കർഷകരാണ് റോഡിൽ നെല്ല് കൂട്ടിയിട്ട് പ്രതിഷേധിച്ചത്. 320 ഏക്കറുള്ള ഈ പാടശേഖരത്തിലെ കൊയ്ത് പൂർത്തിയായിട്ട് നാലു ദിവസം കഴിഞ്ഞു. മികച്ച വിളവായിരുന്നു ഇക്കുറി ഇവിടെ. നെല്ല് സംഭരിക്കാൻ എത്തിയ മില്ലുകാർ ക്വിന്റലിന് 5 മുതൽ 10 കിലോ വരെ കിഴിവ് ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. എന്നാൽ ഈ പാടശേഖരത്തിലെ നെല്ലിന് 23ശതമാനം ഈർപ്പം ഉണ്ടെന്നും 17ശതമാനത്തിന് മുകളിലുള്ള ഓരോ പോയിന്റിനും ഒരു കിലോ വീതം കിഴിവ് ആവശ്യപ്പെടാൻ മില്ലിന് അർഹതയുണ്ടെന്നും കർഷകർക്ക് പരമാവധി നേട്ടം ലഭിക്കുന്ന വിധത്തിൽ ഇന്ന് മുതൽ നെല്ല് സംഭരിക്കാൻ തുടങ്ങുമെന്നും സപ്ലൈകോ, പാഡി ഓഫീസ് അധികൃതർ അറിയിച്ചു.