photo

നാടിനെ നടുക്കിയ ഇലന്തൂർ നരബലിക്ക് പിന്നാലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിയമംമൂലം നിരോധിക്കണമെന്ന ചർച്ചയാണ് കൊടുമ്പിരിക്കൊള്ളുന്നത്. സർക്കാരും അനുകൂലമായ നിലപാടെടുത്ത് പുതിയ നിയമനിർമ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം പൈശാചിക കൃത്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കണമെങ്കിൽ പഴുതടച്ച നിയമനിർമ്മാണവും സമഗ്രമായ ബോധവത്കരണവുമാണ് വേണ്ടത്. മഹാരാഷ്ട്രയിലും കർണാടകയിലും അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും തടയാനുള്ള നിയമമുണ്ട്. അത്തരം മോഡലിലേക്കാണ് കേരളവും ചിന്തിക്കുന്നത്. എന്നാൽ, ഇത്തരം ചിന്തകളും നിയമനിർമ്മാണ നീക്കങ്ങളും നേരത്തെ പലതവണ നടന്നെങ്കിലും ഒടുവിൽ എങ്ങുമെത്തിയില്ലെന്നതാണ് വസ്തുത. അതിന് പലവിധ കാരണങ്ങളുണ്ടാകും. ചില കാര്യങ്ങൾ നിരോധിക്കപ്പെടുമ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയവും നിർണായക ഘടകമായി മാറുന്നു. നേരത്തെ രണ്ടുതവണയും നിയമനിർമ്മാണം പാളാനുള്ള പ്രധാനകാരണമായി വോട്ടുബാങ്ക് രാഷ്ട്രീയം മാറിയെന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവില്ല. വിശ്വാസത്തെയും അനാചാരങ്ങളെയും ഏതുവിധത്തിൽ വേർതിരിച്ചെടുക്കാം എന്നുള്ളതാണ് പ്രധാനപ്രശ്‌നം.

അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും പേരിൽ പരിഷ്‌കൃത സമൂഹത്തെ വെല്ലുവിളിക്കുന്ന ക്രൂരതകൾ ഇന്ന് രാജ്യമാകെ നടമാടുന്നുണ്ട്. സാക്ഷരതയിൽ മുന്നിലെന്നും സംസ്‌കാര സമ്പന്നമെന്നും ഊറ്റംകൊള്ളുന്ന കേരളത്തിലെ കൊടുംക്രൂരത നമ്മുടെ നാടിന്റെ ഉന്നമനത്തെയാണ് പിന്നോട്ടടിക്കുന്നത്. അന്ധവിശ്വാസത്തിന്റെ മറവിൽ മാനുഷികബന്ധങ്ങൾ പോലും ഓർക്കാതെയാണ് പലയിടത്തും കൊടുംക്രൂരത അരങ്ങേറുന്നത്. പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തിൽ ഉത്തർപ്രദേശിൽ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയത് ഒരിക്കലും മറക്കാനാവില്ല. സമ്പന്നനാകാൻ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് പിതാവ് കൊലപ്പെടുത്തിയത് തമിഴ്‌നാടിനെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് അന്ധവിശ്വാസത്തെ വിറ്റ് കാശുണ്ടാക്കുന്ന തട്ടിപ്പുകാരുടെ ലോകത്തെക്കുറിച്ചാണ്. അതിനാൽ തട്ടിപ്പുകാരുടെ വലയിൽ ഇനിയും ഒരാൾപോലും വീഴാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. അതിന് ഒരു നിയമനിർമ്മാണം വേണമെന്ന കാര്യത്തിൽ ഇനിയെങ്കിലും ആർക്കും തർക്കമുണ്ടാകില്ല. ചേർത്തലയിൽ കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ ഉടനടി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഒരു കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ ഈ നിലപാട് കോടതിയിലും സർക്കാർ അറിയിച്ചു. നിയമത്തെക്കുറിച്ച് പറയുമ്പോൾ നേരത്തെയുണ്ടായ അനുഭവങ്ങളും ഓർക്കാതിരിക്കാനാവില്ല.

2014 ൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണവും മന്ത്രവാദവും തടയാൻ ബില്ലു കൊണ്ടുവരുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് എ.ഡി.ജി.പിയായിരുന്ന എ.ഹേമചന്ദ്രൻ ബില്ലിന്റെ കരടുരൂപം തയ്യാറാക്കുകയും ചെയ്തു. അന്ധവിശ്വാധിഷ്ഠിതമായ കുറ്റങ്ങൾക്ക് ഏഴുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ, പ്രഖ്യാപനം ഇപ്പോഴും കടലാസിൽ മാത്രം. 2019 ഇടതുമുന്നണി ഭരണക്കാലത്ത് ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ കമ്മിഷൻ സമഗ്രമായ മറ്റൊരു ബില്ലിന് രൂപം നൽകി. അന്ധവിശ്വാസവും മന്ത്രവാദവും നിരോധിക്കുന്ന തരത്തിലുള്ള ബില്ലിൽ കുറ്റക്കാർക്കെതിരെ ഏഴുവർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷയായി ശുപാർശ ചെയ്തിരുന്നത്. പ്രേതബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് മനുഷ്യശരീരത്തെ ഉപദ്രവിക്കുന്നതും പരിക്കേൽപ്പിക്കുന്നതും അനാചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പരിധിയിൽ ഉൾപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. അദ്ഭുത സിദ്ധിയിലൂടെ സാമ്പത്തികനേട്ടം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചുള്ള പൂജകളും ഇതിന്റെ പരിധിയിൽ വരുമായിരുന്നു. എന്നാൽ, ഇതും എന്തുകൊണ്ടോ നടപ്പായില്ല.

നിയമം നിർമ്മിച്ചാലും സമൂഹത്തിൽ അവബോധം അത്യാവശ്യമാണ്. അതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും സർക്കാർ മുൻകൈയെടുക്കണം. കരുനാഗപ്പള്ളിയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവും ബന്ധുക്കളും ഭക്ഷണം നൽകാതെ കൊലപ്പെടുത്തിയതും 2018 ൽ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതുമാണ് ഇലന്തൂരിന് മുമ്പ് കേരളത്തിൽ ഞെട്ടലുളവാക്കിയ സംഭവങ്ങൾ. അതിനു പിന്നാലെയാണ് നിയമനിർമ്മാണത്തെക്കുറിച്ച് സർക്കാരുകൾ ചിന്തിച്ചു തുടങ്ങിയത്. അന്ധവിശ്വാസങ്ങൾ തടയാനുള്ള നിയമം മതവിശ്വാസത്തിനെതിരായ നീക്കമെന്ന് ഒരിക്കലും കരുതരുത്. മതവിശ്വാസം അന്ധവിശ്വാസമായി ആരും കരുതുന്നില്ലെന്ന് ഓർക്കണം. പുതിയ കാലത്ത് ശാസ്ത്രത്തെ അംഗീകരിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയുമാണ് വേണ്ടത്. പണ്ടു കാലത്ത് സമൂഹത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലനിന്നിരുന്നു. ഇന്ന് അതെല്ലാം മാറിയ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. എന്നാൽ, പഴയ നിലപാടിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ലെന്ന് വാശിപ്പിടിക്കുന്നവരാണ് അന്ധവിശ്വാസങ്ങളുടെയും മന്ത്രവാദത്തിന്റെയും പ്രമോർട്ടർമാർ.

കേരളം ദൈവത്തിന്റെ നാടല്ലെന്നും പിശാചുക്കളുടെ നാടായി മാറിയെന്നുമാണ് ഇപ്പോൾ പലരും വിലപിക്കുന്നത്. അക്കാര്യത്തിൽ നമ്മൾ തന്നെയാണ് ഉത്തരവാദികളെന്ന യാഥാർത്ഥ്യം കാണാതിരിക്കരുത്. സമൂഹം നേരായ വഴിയിലൂടെ ചിന്തിച്ചാൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പടിക്ക് പുറത്തായിരിക്കും. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ തുടർച്ചയായ യുക്തിവാദത്തെ അവഗണിച്ചതാണ് അന്ധവിശ്വാസങ്ങൾ പടരാൻ കാരണമെന്ന വാദവും ചിലർ ഉയർത്തുന്നു. ചൈനയിൽ ഉത്പ്പാദിപ്പിക്കുന്ന വലംപിരിശംഖിന് കേരളത്തിൽ ആവശ്യക്കാരേറെയാണ്. വാണിജ്യവത്ക്കരിക്കപ്പെട്ട ആത്മീയതയാണ് ഇതിലുള്ളതെന്നാണ് വ്യക്തമാകുന്നത്. അന്ധവിശ്വാസങ്ങളുടെ പേരിൽ ചികിത്സ നൽകാതെ സ്ത്രീകളെ കൊലപ്പെടുത്തുന്നു. ഭയത്തോടുകൂടിയേ ഇത്തരം സംഭവങ്ങൾ ഓർക്കാൻ കഴിയുകയുള്ളൂ. ആരോഗ്യരംഗത്ത് മുൻപന്തിയിലുള്ള കേരളത്തിന് ഇതെല്ലാം അപമാനമാണ്. ഒരുതരത്തിൽ ഇവരുടെ കൊലപാതകത്തിന് സമൂഹവും ഉത്തരവാദികളാണ്. മതവിശ്വാസികൾതന്നെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടണം. നിയമനിർമാണത്തിലൂടെ മാത്രമേ കേരളത്തിലെ അന്ധവിശ്വാസങ്ങളെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്ന് ഉറപ്പാണെങ്കിലും അതിന് വിവിധ കോണുകളിൽ നിന്നുള്ള പിന്തുണ വേണം. മഹാരാഷ്ട്രയിലെ നിയമത്തെ അടിസ്ഥാനമാക്കി കേരളത്തിൽ നിയമനിർമാണം നടത്തുമ്പോൾ അതിന്റെ പോരായ്മകൾ പരിഹരിക്കണം. മഹാരാഷ്ട്രയിലെ നിയമമനുസരിച്ച് അന്ധവിശ്വാസത്തിന് ഇരയാകുന്നവർക്കോ അവരുടെ ബന്ധുക്കൾക്കോ മാത്രമേ പരാതി നൽകാൻ കഴിയുകയുള്ളൂ.

എന്നാൽ, മന്ത്രവാദമുൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ആർക്കും പരാതി നൽകാൻ കഴിയും വിധത്തിൽ നിയമം വേണം. കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് നിയമവിദഗ്ദ്ധരുടെയും ജനപ്രതിനിധികളുടെയും നിർദേശങ്ങൾ സ്വീകരിച്ചായിരിക്കണം കരട് തയ്യാറാക്കേണ്ടത്. ഇനിയും നിയമനിർമ്മാണത്തിന് വൈകരുത്. അടുത്ത നിയമസഭ സമ്മേളനത്തിലെങ്കിലും അവതരിപ്പിക്കുന്ന തലത്തിലേക്ക് പോകണം. നമ്മുടെ ഓർമ്മയിൽ എന്നും ദുരന്തപാഠമായി നിലനില്‌ക്കേണ്ട ഇലന്തൂർ എന്നും അന്ധവിശ്വാസത്തിനെതിരെ സമൂഹത്തെ ഉണർത്തുകയും വേണം.