 
# കുറഞ്ഞ വിലയിൽ മരുന്നുമായി 24 മണിക്കൂറും മെഡിക്കൽ സ്റ്റോർ
ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറും സർജിക്കൽ ഉപകരണങ്ങൾ, ഇംപ്ലാന്റുകൾ എന്നിവ വാങ്ങാനുള്ള സൗകര്യവും സജീവമായതോടെ സ്വകാര്യ മേഖലയിലെ ചൂഷണത്തിൽ നിന്ന് രോഗികൾക്ക് ആശ്വാസം. ആശുപത്രി വളപ്പിനു പുറത്തേക്ക് രാത്രിയിലും പോവേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം.
സർജിക്കൽ ഉപകരണങ്ങൾക്കും ഇംപ്ലാന്റുകൾക്കും സ്വകാര്യ കമ്പനികളുടേതിനെക്കാൾ 10 മുതൽ 60 ശതമാനം വരെ വിലക്കുറവുണ്ട്. മരുന്നുകൾക്ക് 10 മുതൽ 40 ശതമാനം വരെയും. ആർ.എസ്.ബി.വൈ, കാരുണ്യ പദ്ധതി പ്രകാരം അർഹതയുള്ളവരാണ് എച്ച്.എൽ.എൽ ഫാർമസിയിൽ എത്തുന്നവരിൽ കൂടുതൽ പേരും. എച്ച്.എൽ.എൽ അംഗീകാരമുള്ള കമ്പനികളുടെ മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ വലിയ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കാരുണ്യ, നീതി, ധന്വന്തരി മെഡിക്കൽ സ്റ്റോറുകളിൽ വേണ്ടത്ര മരുന്നില്ലാത്തതും രാത്രി 10ന് ശേഷം സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കാത്തതും രോഗികളെ വലച്ചിരുന്നു. ഒരാഴ്ച മുമ്പാണ് എച്ച്.എൽ.എൽ ഫാർമസി 24 മണിക്കൂർ പ്രവർത്തനം ആരംഭിച്ചത്.
അത്യാഹിത വിഭാഗത്തിന് 50 മീറ്റർ അകലെയാണ് ഫാർമസി എന്നതും ആശ്വാസകരമാണ്. മാസം 20- 25 ലക്ഷം രൂപയുടെ വരെ ഇടപാട് എച്ച്.എൽ.എല്ലും ആശുപത്രിയുമായി നടക്കുന്നുണ്ട്.
# കെട്ടിട സൗകര്യം കൂട്ടും
ഫാർമസിക്കുള്ള കെട്ടിട സൗകര്യം വർദ്ധിപ്പിക്കേണ്ടതുണ്ട്. അനുമതിക്കായി വൈകാതെ ആശുപത്രി അധികൃതരെ സമീപിക്കാനാണ് എച്ച്.എൽ.എൽ മാനേജ്മെന്റിന്റെ തീരുമാനം. മെഡിക്കൽ സ്റ്റോറിൽ കുറഞ്ഞ നിരക്കിൽ ഹോർലിക്സ് ഉൾപ്പെടുയുള്ള ഇനങ്ങൾ വിൽക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നൽകി.
മൂന്ന് മാസമായി എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റോറിലെ മരുന്ന് വില്പനയിൽ വലിയ വർദ്ധനവുണ്ട്. രോഗികൾക്ക് പരമാവധി സേവനം നൽകുകയാണ് എച്ച്.എൽ.എൽ ലക്ഷ്യം
അധികൃതർ, എച്ച്.എൽ.എൽ ഫാർമസി, ആലപ്പുഴ