കായംകുളം : പൈലിംഗ് നടത്തിയപ്പോഴുണ്ടായ മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനെത്തുടർന്ന്, മറ്റ് സാധന സാമഗ്രികൾ ഇറക്കാൻ സ്ഥലമില്ലാതായതോടെ കായംകുളം താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണജോലികൾ കരാറുകാരൻ നിർത്തിവച്ചിട്ട് ഒരു മാസം പിന്നിട്ടു. 45.70 കോടി രൂപയുടെ പദ്ധതി മുന്നോട്ട് നീങ്ങാതായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടലുണ്ടാകുന്നില്ലെന്ന് പരാതി ഉയരുന്നു.
നിയമാനുസൃതമായ രീതിയിൽ മണ്ണും ചെളിയും ലേലം ചെയ്ത് മാറ്റാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് മാറ്റിയെങ്കിലേ മറ്റ് സാധനങ്ങൾ കൊണ്ടിറക്കാനുള്ള ഇടം ലഭിക്കൂ. കെട്ടിട നിർമ്മാണത്തിനായി 290 തൂണുകളിടെ പൈലിംഗാണ് നടത്തേണ്ടത്. ഇതിൽ 250 എണ്ണത്തതിന്റേത് പൂർത്തിയായപ്പോഴാണ് ജോലികൾ നിറുത്തിവച്ചത്. കെട്ടിടത്തിന്റെ പൂർണമായ രൂപരേഖ ഇതുവരെ കരാറുകാരന് കൈമാറിയിട്ടില്ല. പൈലിംഗുമായി ബന്ധപ്പെട്ട രൂപരേഖ മാത്രമാണ് നൽകിയിട്ടുള്ളത്. പൂർണമായ രൂപരേഖ ലഭിക്കുകയും സ്ഥലത്തെ ചെളി നീക്കം ചെയ്യുകയും ചെയ്താൽ മാത്രമേ പണി പുനരാരംഭിക്കാൻ കഴിയുകയുള്ളുവെന്നാണ് കരാറുകാരൻ പറയുന്നത്.
45.70 കോടി : താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ച രൂപ
താലൂക്ക് ആശുപത്രി കെട്ടിടം
1,40,000 ചതുരശ്ര അടിയിൽ അഞ്ച് നിലകൾ
150 കിടക്കകളോടുകൂടിയ ഐ.പി.സംവിധാനം
16 പേ വാർഡുകൾ, മേജർ ഒ.പി.വിഭാഗം, ലബോറട്ടറി
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം
മൂന്ന് മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ
സെമിനാർ ഹാൾ, കോൺഫറൻസ്ഹാൾ, ഡൈനിംഗ്ഹാൾ, പവർ ലോൺട്രി,
ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങൾ
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്
ചുറ്റുമതിൽ, സെക്യൂരിറ്റി കാബിൻ
അഗ്‌നിരക്ഷാ ഉപകരണങ്ങൾ, സി.സി ടിവി. യൂണിറ്റുകൾ
ലിഫ്ട് സൗകര്യങ്ങൾ, ജനറേറ്ററുകൾ, ലാൻഡ് സ്‌കേപ്പിംഗ്
കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തെ മണ്ണും ചെളിയും നീക്കം ചെയ്യുവന്നിനുള്ള നടപടി ഉടൻ സ്വീകരിക്കും.ഇതിനായി ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി
- പി.ശശികല,ചെയർപേഴ്സൺ,കായംകുളം നഗരസഭ