 
അരക്കോടിയുടെ നഷ്ടം
ആലപ്പുഴ : സഞ്ചാരികളെ ഇറക്കിയ ശേഷം പുന്നമട ഫിനിഷിംഗ് പോയിന്റിന്റെ തെക്കേ പവലിയന് മുൻവശം ആങ്കർ ചെയ്തിരുന്ന ഹൗസ് ബോട്ട് വെള്ളത്തിൽ മുങ്ങി താഴ്ന്നു. കൈതവന സ്വദേശി ജോസുകുട്ടി പടമുറ്റം എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് ഇന്നലെ രാവിലെ 6.30ഓടെ മുങ്ങിയത്. 50ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവ സമയം ബോട്ടിലെ തൊഴിലാളികൾ കരയിലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം ഹൗസ് ബോട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സ്വകാര്യ റിക്കവറി വാഹനം ഉപയോഗിച്ച് ഉയർത്തിയ ഹൗസ്ബോട്ട് ഡോക്ക് യാർഡിൽ എത്തിച്ചു. ടൂറിസം പൊലീസ് എസ്.ഐ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.
അപകടസമയത്ത് രേഖകൾ ബോട്ടിൽ ഇല്ലായിരുന്നെന്ന് എസ്.ഐ പറഞ്ഞു. സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ഇബ്രാഹിം, എം.സരിക, സി.നകുലകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 17ന് പുലർച്ചെ മല്ലൻ ഡോക് ഭാഗത്ത് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ഹൗസ് ബോട്ടും മുങ്ങിയിരുന്നു.
ക്യാപ്ഷൻ
പുന്നമട ഫിനിഷിംഗ് പോയിന്റിൽ മുങ്ങിയ ഹൗസ് ബോട്ട് ഡോക്ക് യാർഡിൽ എത്തിച്ചപ്പോൾ