ആലപ്പുഴ : മില്ലുടമകളുടെ നിസ്സഹരണ സമരം തുടരുകയും മഴ ശക്തമാവുകയും ചെയ്യുന്നത് കർഷകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കവേ, ജില്ലയിൽ നിലവിൽ നെല്ലെടുക്കുന്ന രണ്ട് മില്ലുകാർ കിഴിവിന്റെ പേരിൽ ചൂഷണം നടത്തുന്നത് ഇരട്ടപ്രഹരമാകുന്നു. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 15 മുതൽ 21 കിലോ വരെ കിഴിവ് മില്ലുകാർ ആവശ്യപ്പെടുന്നതായാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ ദിവസം നാലുചിറ പാടത്ത് ഈർപ്പത്തിന്റെ പേരു പറഞ്ഞ് 21കിലോ കിഴിവിലാണ് മില്ലുടമകൾ നെല്ല് സംഭരിച്ചത്. കഴിഞ്ഞ വർഷം പ്രതിദിനം 30മില്ലുകാർ 750മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നിടത്ത് ഇപ്പോൾ രണ്ടുമില്ലുകാർ മാത്രമാണ് സംഭരണ രംഗത്തുള്ളത്. പ്രതിദിനം സംഭരിക്കുന്നത് നൂറിൽ താഴെ മെട്രിക് ടൺ നെല്ലും. ഇത്തവണ പ്രതികൂല കാലാവസ്ഥയിൽ വിളവിറക്കിയ കർഷകർക്ക് ഏക്കറിന് 40,000 മുതൽ 50,000രൂപ വരെ ചെലവായി. ആദ്യം നൽകിയ വിത്ത് കിളിർക്കാത്തതിനാൽ 4000 രൂപ അധികമായി ചെലവഴിച്ചാണ് വീണ്ടും വിത്തുവാങ്ങിയത്. നെല്ലുസംഭരണം ആരംഭിക്കാത്തതിനാൽ പല പാടശേഖരങ്ങളിലും കൊയ്ത്ത് നീട്ടിവെയ്ക്കാനാണ് ആലോചന. എന്നാൽ, അപ്രതീക്ഷിതമായി മഴയെത്തുന്നത് ഈ തീരുമാനത്തിന് തിരിച്ചടിയാകുമോയെന്ന ആശങ്കയും ഉണ്ട്.
നേരിട്ട് സംഭരിക്കാൻ മടി
സിവിൽ സപ്ളൈസ് കോർപ്പറേഷൻ നേരിട്ട് നെല്ല് സംഭരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുമ്പോഴും അനുകൂല നിലപാടിലല്ല കോർപറേഷൻ. സംഭരിക്കുന്ന നെല്ല് വേഗത്തിൽ അരിയാക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് കാരണം. നെല്ലിലെ ഈർപ്പത്തിന്റെ അളവും സംഭരണ ചെലവും കൂടുതലാകുന്നതിനാൽ നഷ്ടത്തിലാകുമെന്നാണ് അധികൃതർ പറയുന്നത്. മുൻകാലങ്ങളിൽ പ്രതിസന്ധി ഘട്ടത്തിൽ കോർപ്പറേഷൻ രണ്ടു തവണ നെല്ല് നേരിട്ടു സംഭരിച്ചിരുന്നു. സഹകരണ സംഘങ്ങളുടെ ഗോഡൗണുകളിലായിരുന്നു അന്ന് നെല്ല് സൂക്ഷിച്ചിരുന്നത്. ഈർപ്പമുള്ള നെല്ല് ഗോഡൗണുകളിൽ ദീർഘനാൾ സൂക്ഷിക്കാനാകില്ല.
ഈർപ്പവും കിഴിവും
നെല്ലിൽ ഈർപ്പത്തിന്റെ അളവ് 17ശതമാനം വരെയാണെങ്കിൽ കിഴിവ് നൽകേണ്ട. തുടർന്നുള്ള ഓരോ ശതമാനത്തിനും ഒരുകിലോ വീതം കിഴിവ് നൽകേണ്ടിവരും. ഈർപ്പത്തിന്റെ അളവ് 17 ശതമാനത്തിൽ കുറഞ്ഞാലും കിഴിവില്ലാതെ മില്ലുടമകൾ സംഭരണം നടത്താറില്ലെന്നാണ് കർഷകർ പറയുന്നത്.
മില്ലുടമകൾക്ക് ഇപ്പോൾ നൽകിവരുന്ന സംഭരണ ചെലവ് വർദ്ധിപ്പിച്ച് നെല്ല് സംഭരിക്കാൻ സർക്കാർ തീരുമാനം എടുക്കണം. സംഭരണം നീളുകയും മഴ കനക്കുകയും ചെയ്താൽ കോടിക്കണക്കിന് രൂപയുടെ നെല്ല് നശിക്കും.
- മോഹനൻ, കർഷകൻ
നെല്ല് നശിച്ചാൽ പൊതിവിപണിയിൽ അരിയുടെ വില വീണ്ടും ഉയരുകയും സാധാരണക്കാരന്റെ നിത്യ ജീവിതത്തെ ബാധിക്കുകയും ചെയ്യും. പൊതുവിപണിയിൽ അരിവില കിലോയ്ക്ക് 60 രൂപയിലെത്തിയ സാഹചര്യത്തിൽ നെല്ല് സംഭരണം നീട്ടിക്കൊണ്ടു പോകരുത്
- സന്തോഷ് കുമാർ, ചുമട്ടുതൊഴിലാളി
കിഴിവ് (ക്വിന്റലിന്) : 15 മുതൽ 21കിലോ വരെ
കൃഷി ചെലവ് ഏക്കറിന് : 40,000 മുതൽ 50,000രൂപ വരെ