s

 മഴ കനത്താൽ ആയിരക്കണക്കിന് കർഷകരുടെ അദ്ധ്വാനം വെള്ളത്തിലാകും

ആലപ്പുഴ : രണ്ടാം വിള കൊയ്‌ത്ത് തുടങ്ങി 21 ദിവസം പിന്നിട്ടിട്ടും സംഭരണം നടക്കാത്തതിനാൽ കുട്ടനാടൻ പാടങ്ങളിൽ കുമിഞ്ഞുകൂടിയത് 8000 മെട്രിക് ടൺ നെല്ല്. മില്ലുടമകൾ എത്താത്തതിനാൽ പാടവരമ്പത്തും ചിറകളിലും കൂട്ടിയിട്ടിരിക്കുന്ന നെല്ലിന് കാവലിരിക്കുന്ന കർഷകർ കുട്ടനാടിന്റെ കണ്ണീർക്കാഴ്ചയായി.

മഴ ശക്തമായതോടെ പാടത്തുകിടന്ന് നെല്ല് കിളിർക്കുമെന്ന ആശങ്കയുമുണ്ട്.

മില്ലുടമകളുമായി അഞ്ചു തവണ മന്ത്രിതല ചർച്ച നടന്നെങ്കിലും ഫലമുണ്ടാവാത്ത സാഹചര്യത്തിൽ സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ നേരിട്ട് നെല്ല് സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ തവണ 30 മില്ലുകൾ സംഭരണത്തിന് എത്തിയ സ്ഥാനത്ത് ഇത്തവണ രണ്ടു മില്ലുകൾ മാത്രം.

300 ഏക്കറിൽ താഴെയുള്ള പാടശേഖരങ്ങളിലാണ് കൊയ്‌ത്ത് കഴിഞ്ഞത്. വിസ്‌തൃതിയേറിയ 20 പാടശേഖരങ്ങളിൽ ഇന്നും നാളെയുമായി കൊയ്‌ത്ത് നടക്കുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. മഴയിൽ വെള്ളം പൊങ്ങിയാൽ ആയിരക്കണക്കിന് കർഷകരുടെ അദ്ധ്വാനം വെള്ളത്തിലാകും. സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകർ കഴിഞ്ഞ ദിവസം റോഡിൽ നെല്ലു നിരത്തി പ്രതിഷേധിച്ചിരുന്നു.

25

കൊയ്‌ത്ത് കഴിഞ്ഞ പാടശേഖരങ്ങൾ

10

സംഭരണം പൂർത്തീകരിച്ചവ

15

നെല്ല് കെട്ടിക്കിടക്കുന്ന പാടങ്ങൾ

2702.48 മെട്രിക് ടൺ

സംഭരിച്ച നെല്ല്

8000 മെട്രിക് ടൺ

പാടത്ത് കെട്ടിക്കിടക്കുന്നത്

2 മില്ലുകൾ

സംഭരണത്തിനെത്തിയത്

56 മില്ലുകൾ

കഴിഞ്ഞ വർഷം എത്തിയത്

പ്രതിസന്ധി

കേന്ദ്ര നിയമമനുസരിച്ച് മില്ലുകൾ ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 68 കിലോ അരി സിവിൽ സപ്‌ളൈസ് കോർപ്പറേഷന് നൽകണം. കേരളത്തിൽ ഇത് 64 കിലോയാണ്. 68 കിലോ അരി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ മില്ലുടമകൾ സമരത്തിനിറങ്ങി. പ്രശ്നം പരിഹരിക്കാൻ സർക്കാരിനായില്ല. ജി.എസ്.ടി, പ്രളയ നഷ്‌ടം തുടങ്ങിയ കാര്യങ്ങളിലും സർക്കാർ അനുകൂലമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് മില്ലുടമകളുടെ വാദം.

സമരത്തിൽ നിന്ന് പിന്നോട്ടില്ല. ആവശ്യങ്ങൾ അംഗീകരിച്ച് ഉറപ്പ് ലഭിക്കാതെ നെല്ല് സംഭരിക്കില്ല.

-വർക്കി പീറ്റർ, ജനറൽസെക്രട്ടറി,

കേരള സൈസ് മിൽ ഓണേഴ്സ് അസോ.

പാടശേഖരത്ത് കിടക്കുന്ന നെല്ല് കിളിർത്ത് തുടങ്ങി. മില്ലുടമകൾക്ക് എന്തു കിഴിവും നൽകി നെല്ല് എടുപ്പിക്കാനുള്ള ശ്രമത്തിലാണ്. മഴ ശക്തമായാൽ നെല്ല് ഉപേക്ഷിക്കേണ്ടിവരും'.

-സി. സുമേഷ്,സെക്രട്ടറി

കാട്ടുകോണം പാടശേഖര സമിതി