ആലപ്പുഴ : ഹൈവേ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ മേല്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുമ്പോൾ, തങ്ങളുടെ സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ലൈഫ് ഗാർഡുകൾ. നിലവിൽ തുറമുഖ വകുപ്പിന്റെ പഴയ കെട്ടിടത്തിലാണ് ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി ഈ കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കെട്ടിടം പൊളിക്കപ്പെടുന്നതോടെ ലൈഫ് ബോയകളും ജാക്കറ്റുകളും അടക്കമുള്ള ഉപകരണങ്ങൾ എവിടെ വെയ്ക്കുമെന്നതാണ് നിലവിലെ ആശങ്ക. മാസങ്ങൾക്ക് മുമ്പ് വിനോദ സഞ്ചാര വകുപ്പ് ലൈഫ് ഗാർഡുകൾക്കായി സോളാർ കണ്ടെയ്നർ ടെന്റ് നൽകിയിരുന്നു. ജീവനക്കാർക്ക് വിശ്രമിക്കാനും അത്യാവശ്യം ഭക്ഷണം പാകം ചെയ്യാനും സൗകര്യമൊരുക്കുന്ന ടെന്റിന് രണ്ട് കാബിനുകളാണുള്ളത്. പുതുതായി അനുവദിച്ച ബീച്ച് കുടകൾ കയറ്റിയപ്പോൾ തന്നെ ഒരു കാബിൻ നിറഞ്ഞതിനാൽ, പോർട്ട് കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ഇവിടേക്ക് മാറ്റാൻ കഴിയില്ല. ഏത് അവസരത്തിലും കൈയെത്തും ദൂരത്ത് ഉപകരണങ്ങൾ ലഭ്യമായിരിക്കണമെന്നതിനാൽ ബീച്ച് പരിസരത്ത് നിന്ന് ദൂരേയ്ക്ക് മാറ്റി സൂക്ഷിക്കാനുമാകില്ല. പോർട്ട് കെട്ടിടം പൊളിക്കുന്നതിന് മുമ്പ് ഡി.ടി.പി.സി ഇടപെട്ട്, സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം ഒരുക്കി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഡി.ടി.പി.സിയുടെ ഓപ്പൺ സ്റ്റേജിന്റെ ഭാഗമടക്കം ഇത്തരത്തിൽ ഉപയോഗിക്കാൻ പ്രാപ്തമാണ്.
അവധി ദിനങ്ങളിൽ വൻതിരക്ക്
അവധി ദിവസങ്ങളിൽ ആലപ്പുഴ ബീച്ചിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആകെ പത്ത് ലൈഫ് ഗാർഡുകളാണ് ഇവിടെയുള്ളത്. ഗാർഡുകളുടെ അംഗബലം കൂട്ടണമെന്ന ആവശ്യം അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. നേരത്തേ, ഡി.ടി.പി.സി ഇടപെട്ട് യുവാക്കളെ താൽക്കാലിക ഗാർഡുമാരായി വിട്ടുനൽകിയിരുന്നെങ്കിലും, മതിയായ പരിശീലനം ലഭിക്കാതെ എത്തിയവർക്ക് സുരക്ഷാ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കാൻ സാധിക്കില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പിൻവലിച്ചു.
പോർട്ട് കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്നത്
സർഫ് ആൻഡ് റെസ്ക്യു ബോർഡുകൾ
ലൈഫ് ജാക്കറ്റുകൾ
ലൈഫ് ബോയകൾ
ബീച്ച് കുടകൾ
യൂണിഫോം
പോർട്ട് കെട്ടിടം പൊളിക്കുന്നതോടെ സുരക്ഷാ ഉപകരണങ്ങൾ എവിടെ സൂക്ഷിക്കുമെന്നതാണ് നിലവിൽ നേരിടുന്ന പ്രതിസന്ധി
- ബീച്ചിലെ ലൈഫ് ഗാർഡുകൾ