p
തൈക്കാട്ടുശേരി കടവിൽ പോള നിറഞ്ഞപ്പോൾ

പൂച്ചാക്കൽ : കായലിലും ഇടത്തോടുകളിലും പോള നിറഞ്ഞതോടെ ജലയാത്രയും മത്സ്യബന്ധനവും പ്രതിസന്ധിയിലാകുന്നു. വേമ്പനട് കായലിൽ തവണക്കടവ്- വൈക്കം, മാക്കേകടവ് -നേരേകടവ്, മണപ്പുറം -ചെമ്മനാകരി എന്നീ ഫെറികളിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളുടെ ചുക്കായത്തിൽ പോള ചുറ്റിപ്പിടിക്കുന്നത് മൂലം നടുക്കായലിൽ സർവീസ് നിലച്ചു പോകുന്നത് പതിവാണ്. കൈതപ്പുഴ കായലിലെ കുടപുറം- എരമല്ലൂർ ഫെറി സർവ്വീസ് പോളശല്യം മൂലം കഴിഞ്ഞ ദിവസം നിർത്തി വെച്ചിരുന്നു. മത്സ്യബന്ധനത്തിനായി പോയ രണ്ടു തൊഴിലാളികൾ മണിക്കൂറുകളോളം പോളക്ക് ഇടയിൽപ്പെട്ടപ്പോൾ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. കായലിലേക്ക് പോള എത്തി തുടങ്ങുമ്പോൾ തന്നെ, വടം കെട്ടി നിയന്ത്രിക്കണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ഇത് വരെ അംഗീകരിച്ചിട്ടില്ല. ഊന്നിവലകളിൽ പോള കുടുങ്ങിയാൽ മത്സ്യബന്ധനം അസാദ്ധ്യമാകും. ശക്തമായ ഒഴുക്കിൽ ഊന്നിക്കുറ്റികൾ നശിച്ചു പോകുന്നതും പതിവാണ്. പോള ശല്യം മാറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.