 
മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് ഗവ.യു.പി സ്‌കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച കൊടിമരങ്ങൾ, സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. മറ്റിടങ്ങളിലെ കൊടിമരങ്ങളിൽ തൊടുന്നില്ല എന്നാരോപിച്ചായിരുന്നു നാട്ടുകാർ സംഘടിച്ചത്.
എസ്.എൻ.ഡി.പി യോഗം എണ്ണയ്ക്കാട് 2202-ാം നമ്പർ ശാഖയുടെയും കോൺഗ്രസിന്റെയും കൊടിമരങ്ങളാണ് നീക്കം ചെയ്യാൻ ശ്രമിച്ചത്. ശാഖ ഭാരവാഹികൾ, വനിതാ സംഘം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രണ്ടു വർഷം മുമ്പ് കോൺഗ്രസ് സ്ഥാപിച്ച കൊടിമരം, മണ്ഡപം എന്നിവയെച്ചൊല്ലി തൊട്ടടുത്ത വീട്ടുകാരും കോൺഗ്രസ് പ്രവർത്തകരുമായി തർക്കം നിലനിന്നിരുന്നു. തുടർന്ന് വീട്ടുടമസ്ഥൻ പഞ്ചായത്തിൽ പരാതി നൽകിയതിനെത്തുടർന്ന് നടന്ന ചർച്ചയിൽ മണ്ഡപത്തിന്റെ ഉയരം കുറച്ചു. പിന്നീട് കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന പരാതിയുമായി ഇയാൾ പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുകയായിരുന്നു. ഇതോടെ അവിടെ സ്ഥാപിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം ശാഖ, കോൺഗ്രസ്, ചേരമർ സർവീസ് സൊസൈറ്റി സംഘടനകളുടെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചേരമർ സർവീസ് സൊസൈറ്റി കൊടിമരം നീക്കി. മറ്റു രണ്ട് കൊടിമരങ്ങൾ നീക്കം ചെയ്യാനാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എതിർപ്പ് ശക്തമായതിനെ തുടർന്ന് ആർ.ഡി.ഒ യുടെ സാന്നിദ്ധ്യത്തിൽ സർവകക്ഷി യോഗം വിളിച്ച് പരിഹാരം തേടാമെന്ന അഭിപ്രായത്തിൽ ഉദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു.
# നിയമം പാലിക്കും
നിയമം പാലിക്കാൻ തയ്യാറാണെന്നും അത് എല്ലായിടത്തും നടപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും എസ്.എൻ.ഡി.പി യോഗം എണ്ണയ്ക്കാട് 2202-ാം നമ്പർ ശാഖ സെക്രട്ടറി സി. മണിക്കുട്ടൻ, പ്രസിഡന്റ് ലീല സുരേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ഗീത മോഹനൻ എന്നിവർ പറഞ്ഞു. മറ്റുള്ള കൊടിമരങ്ങൾ നീക്കം ചെയ്യാൻ നടപടിയെടുക്കാതെയുള്ള ശാഠ്യം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് ഡി.സി.സി അംഗം തോമസ് ചാക്കോ പറഞ്ഞു. ഏകപക്ഷീയ നടപടികളെ ശക്തമായി നേരിടുമെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ പറഞ്ഞു.