acci
ട്രാഫിക് എസ്.ഐയെ ഇടിച്ചിട്ട വാഹനം കണ്ടെത്തി

പൂച്ചാക്കൽ: രാവിലെ ബസ് സ്റ്റോപ്പിലേക്കു നടക്കുകയായിരുന്ന ട്രാഫിക് എസ്.ഐയെ ഇടിച്ചു വീഴ്ത്തിയ വാഹനവും ഡ്രൈവറും ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിൽ. കന്യാകുമാരി ചെറുവത്തൂർ കുന്നത്തുകോണം ജേക്കബ് ഇ.ബിജുവിനെയാണ് അപകടമുണ്ടാക്കിയ സുമോ ഉൾപ്പെടെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേർത്തല ട്രാഫിക് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പൂച്ചാക്കൽ പടിഞ്ഞാറേ കല്ലുങ്കൽ വീട്ടിൽ പി.കെ. സാനുവിനെയാണ് (54) കഴിഞ്ഞ സെപ്തംബർ 20ന് രാവിലെ ഏഴോടെ വാഹനമിടിച്ചത്.

ഹൈവേ പൊലീസ് ഡ്യൂട്ടിയിലായിരുന്ന സാനു പൂച്ചാക്കൽ നഗരി അമ്പലത്തിനു സമീപത്തെ ബസ് കാത്തുനിൽപ്പു കേന്ദ്രത്തിലേക്കു നടക്കുന്നതിനിടെയാണ് ചേർത്തല ഭാഗത്തേക്ക് പോയ വാഹനം ഇടിച്ച് വീഴ്ത്തിയത്. നാല് പല്ലുകൾ നഷ്ടപ്പെട്ടു. താടിയെല്ല്, തല, കാലുകൾ, വാരിയെല്ല് തുടങ്ങിയവയ്ക്കും പരിക്കേറ്റു. സാനു നിലവിൽ ചികിത്സയിലാണ്. സംഭവ ദിവസം രാവിലെ 6.30 മുതൽ 7.30 വരെ ചേർത്തല അരൂക്കുറ്റി റോഡിലൂടെ കടന്നുപോയ വാഹനങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നായി പരിശോധിച്ചു. നഗരിയിലെ സ്വകാര്യ സ്ഥാപനത്തിലുള്ള കാമറയിൽ നിന്നാണ് തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചത്. അതിൽ നൽകിയിരുന്ന ഉടമയുടെ ഫോൺ നമ്പറിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ കന്യാകുമാരി ജില്ലയിലെ പളങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വാഹനമെന്ന് അറിഞ്ഞു. പൊലീസ് അവിടെയെത്തിയാണ് ഡ്രൈവറെ പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ, സമീപവാസിയെ അയയ്ക്കാൻ പോയി തിരികെ കന്യാകുമാരിക്കു പോകവേയായിരുന്നു അപകടം. അപകട സമയം വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർക്ക് ജാമ്യം ലഭിച്ചു.