വളളികുന്നം : സഹപാഠിക്കൊരു വീട് ഒരുക്കാൻ സ്കൂൾ കലോത്സവ വേദിക്ക് മുന്നിൽ ഭക്ഷണശാല ഒരുക്കി വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ് .എസ് യൂണിറ്റ് അംഗങ്ങൾ. മൂന്ന് ദിവസം നടക്കുന്ന കലോത്സവത്തിൽ നൂറോളം വരുന്ന യൂണിറ്റ് അംഗങ്ങളുടെ കൂട്ടായ്മയിലാണ് വിഭവങ്ങൾ ഒരുക്കുന്നത്. വിവിധ തരം പലഹാരങ്ങളും വിഭവ സമൃദ്ധമായ സദ്യയും ഭക്ഷണ ശാലയിൽ ലഭിക്കും. വീട് ഇല്ലാത്ത ഒരു വിദ്യാർത്ഥിയെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകാനാണ് തീരുമാനം. സ്കൂൾ അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായുള്ള ധനസമാഹാരണവും നടക്കുന്നുണ്ട്. ഭക്ഷണശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കെ.എൻ.അജിത് കുമാർ നിർവഹിച്ചു. പ്രോഗ്രാം ഓഫിസർ ജെ. ബിന്ദു, മുൻ പ്രോഗ്രാം ഓഫിസർ ഡോ.ജെ. ബദറുദ്ദീൻ ആശാന്റയ്യത്ത്, അദ്ധ്യാപിക സുമ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.