തുറവൂർ : സൈക്കിൾ മോഷണം ശീലമാക്കിയ യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡ് എഴുപുന്ന തെക്ക് വളപ്പിൽ വീട്ടിൽ മനീഷിനെയാണ് (27) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കിൾ മോഷ്ടിച്ചശേഷം അവ മറിച്ചു വിൽക്കുകയായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. സൈക്കിൾ മോഷണം സംബന്ധിച്ച് ഉടമകൾ നൽകിയ പരാതികളിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ മോഷണം പോയ സൈക്കിളുകളിൽ ഒന്ന് അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് ചവിട്ടി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷാണ് മോഷ്ടാവ് എന്ന് തിരിച്ചറിഞ്ഞത്. തുറവൂർ താലൂക്കാശുപത്രിയുടെ ബഹുനില കെട്ടിട നിർമ്മാണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കുറുമ്പിൽ പാലത്തിനരികിലെ താമസ സ്ഥലത്തു നിന്നും ഇയാൾ വിറ്റ നിരവധി സൈക്കിളുകൾ പൊലീസ് കണ്ടെടുത്തു. സ്കൂൾ വിദ്യാർത്ഥിനികളുടെയടക്കം നിരവധി സൈക്കിളുകൾ താൻ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും