അമ്പലപ്പുഴ: വിപ്ളവ സ്മരണകൾ പുതുക്കി പുന്നപ്രയിൽ 76-ാമത് പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന് ഇന്നു തുടക്കം.
രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക വൈകിട്ട് 3ന് തോട്ടപ്പള്ളിയിൽ നിന്ന് എത്തിക്കും. സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ടി.പി .രണദേവിന്റെ സ്മരണാർത്ഥം സഹധർമ്മിണി സുമംഗലയിൽ നിന്നു എച്ച്. സലാം എം.എൽ.എ ഏറ്റുവാങ്ങി സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം പി.സുരേന്ദ്രന് കൈമാറും. സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് 5.30 ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ പതാക ഉയർത്തും. വെള്ളിയാഴ്ച രാവിലെ 10 മുതൽ സമരഭൂമി നഗറിൽ കലാ സാഹിത്യ മത്സരങ്ങളും, പി.കെ.സി സ്മാരക ഹാളിൽ രചനാമത്സരങ്ങളും നടക്കും. വൈകിട്ട് 6ന് മതങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങളും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി അദ്ധ്യക്ഷനാകും.
ഞായർ രാവിലെ 8ന് പുന്നപ്ര വടക്ക് പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നു പുഷ്പാർച്ചന റാലി ആരംഭിച്ച് പകൽ 11 ന് സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സി.പി.എം, സി.പി.ഐ ജില്ലാ സെക്രട്ടറിമാരായ ആർ. നാസർ, ടി.ജെ. ആഞ്ചലോസ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. സി.വാമദേവ് അദ്ധ്യക്ഷനാകും. വൈകിട്ട് 3 ന് രക്തസാക്ഷി മണ്ഡത്തിൽ നിന്ന് ദീപശിഖ റിലേ ആരംഭിക്കും. സമര സേനാനി പി.കെ.വിജയന്റെ പത്നി എൽ.സുലോചന കൊളുത്തി നൽകുന്ന ദീപം സമര സേനാനി കുന്നേവെളി പത്മനാഭന്റെ ചെറുമകൻ ദീപു ആനന്ദ് ഏറ്റുവാങ്ങും. ദീപശിഖ വൈകിട്ട് 6 ന് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരുമ്പോൾ സമര സേനാനി എം.പി. കുമാരന്റെ ചെറുമകൻ ഇ.ജെ. അജിത്തിൽ നിന്ന് ഇ.കെ.ജയൻ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. ഇതിന് മുന്നോടിയായി ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ, സജി ചെറിയാൻ എം.എൽ.എ, ജി. സുധാകരൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, ആർ.നാസർ, ടി.ജെ. ആഞ്ചലോസ്, എച്ച്.സലാം എം.എൽ.എ, പി.വി. സത്യനേശൻ, അഡ്വ.വി. മോഹൻദാസ് എന്നിവർ പങ്കെടുക്കും.