ചേർത്തല: വയലാർ രക്തസാക്ഷി വാരാചരണത്തിന് നാളെ പതാക ഉയരും. രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക ഇന്ന് രാവിലെ 9ന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നു പുറപ്പെടും. ജാഥ ക്യാപ്ടനും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ എം.കെ.ഉത്തമന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
തുടർന്ന് പൊന്നാംവെളി, തുറവൂർ, അരൂർ ക്ഷേത്രം, വടുതല, പെരുമ്പളം കവല, പൂച്ചാക്കൽ വഴി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടോടെ പള്ളിപ്പുറം ഒറ്റപ്പുന്നയിൽ എത്തിച്ചേരും. തുടർന്ന് 6ന് ഒറ്റപ്പുന്നയിൽ സി.എച്ച്.കണാരൻ അനുസ്മരണവും,പതാകജാഥയ്ക്ക് വരവേൽപ്പ് സമ്മേളനവും. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ ജി.സുധാകരൻ, ജി.കൃഷ്ണപ്രസാദ്, മനു സി.പുളിക്കൽ, എൻ.എസ്. ശിവപ്രസാദ്, കെ.രാജപ്പൻ നായർ എന്നിവർ സംസാരിക്കും. നാളെ രാവിലെ11ന് രക്തസാക്ഷിമണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പതാക ഉയർത്തും വൈകിട്ട് 5ന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.കെ.സഹദേവൻ പതാക ഉയർത്തും. ടി.എം.ഷെറീഫ് അദ്ധ്യക്ഷനാകും.
25 ന് മേനാശേരി രക്തസാക്ഷി ദിനാചരണം നടക്കും. പട്ടണക്കാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് ചെറു ജാഥകൾ മേനാശേരി മണ്ഡപത്തിൽ സംഗമിക്കും.പുഷ്പാർച്ചനയ്ക്ക് ശേഷം ജാഥയായി പൊന്നാം വെളി ടൗണിൽ എത്തിച്ചേരും.തുടർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ
എം.സ്വരാജ്, ബിനോയ് വിശ്വം,ആർ.നാസർ,പി.പ്രസാദ്,സി.ബി.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും. വാരാചരണത്തിന് സമാപനം കുറിച്ച് 27 ന് വയലാർ രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും.
ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്നും മേനാശേരിയിൽ നിന്നും അത് ലറ്റുകളുടെ നേതൃത്വത്തിൽ ദീപശി റാലി എത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 2.30ന് വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനവും 5ന് പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്റി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി.എം.തോമസ് ഐസക്ക്, പി.പ്രസാദ്, സി.എസ്.സുജാത, ടി.ജെ.ആഞ്ചലോസ്, സജി ചെറിയാൻ, പി.വി.സത്യനേശൻ, ആർ.നാസർ, ഡി.സുരേഷ് ബാബു, സി.ബി.ചന്ദ്രബാബു, ടി.ടി.ജിസ്‌മോൻ, ജി.സുധാകരൻ,എ.എം.ആരിഫ് എം.പി എന്നിവർ പങ്കെടുക്കും.